കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു; ആരോപണം ആവര്‍ത്തിച്ച് മോദി

By Web TeamFirst Published May 27, 2019, 4:37 PM IST
Highlights

ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത്. അക്രമം കൊണ്ട് ആശയത്തെ ഇല്ലാതാക്കാനാകില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. 

വാരാണസി: കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു എന്ന ആരോപണം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത്. അക്രമം കൊണ്ട് ആശയത്തെ ഇല്ലാതാക്കാനാകില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. 

ത്രിപുരയിൽ തെരഞ്ഞെടുപ്പ് സമയത്ത് വ്യാപകമായി ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു. കേരളത്തിലും ബംഗാളിലും അക്രമം തുടരുന്നു. അവരുടെ ആശങ്ങളെ ഇല്ലാതാക്കാനാണ് കൊന്നുകളയുന്നത്. ഇതായിരുന്നു മോദിയുടെ വാക്കുകൾ.  

ജനങ്ങളോട് ഉത്തരവാദിത്തം ഉള്ള സർക്കാരിനെ ജനം തെരഞ്ഞെടുത്തു. അത് തന്റെ വിജയമല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ വിജയമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. വോട്ടെണ്ണും മുന്പ് തന്നെ വിജയം ഉറപ്പായിരുന്നു. അതാണ് പാര്‍ട്ടി പ്രവര്‍ത്തകരിലുള്ള വിശ്വാസമെന്നും മോദി വിശദീകരിച്ചു. 

 ബിജെപി ഹിന്ദി ഹൃദയ ഭൂമിയുടെ പാർട്ടി എന്ന വിമർശനങ്ങളും പ്രധാനമന്ത്രി തള്ളിക്കളഞ്ഞു. നോർത്ത് ഈസ്റ്റ്‌ ഉൾപ്പടെ ഉള്ള പ്രദേശങ്ങളിലും ബിജെപി അധികാരത്തിലുണ്ട് എന്ന് ഓർമിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. 

ഒരു വട്ടം കൂടി മോദി സർക്കാർ എന്ന മുദ്രാവാക്യം ഉയർത്തി കാശിയിൽ നിന്ന് തുടങ്ങിയ തെരഞ്ഞെടുപ്പ് യാത്ര, വിജയിച്ചെത്തിയ നരേന്ദ്രമോദിക്ക് വാരാണസിയല്‍ പ്രവര്‍ത്തകര്‍ ഉജ്ജ്വല വരവേല്‍പ്പാണ് നല്‍കിയത്. ഹര ഹര മഹാ ദേവ് വിളിയോടെയായിരുന്നു പ്രസംഗത്തിന്‍റെ തുടക്കം.

രാവിലെ പത്ത് മണിക്ക് വാരാണസി വിമാനത്താവളത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലായിരുന്നു നരേന്ദ്ര മോദിക്ക് വരവേൽപ്പ്. തുടർന്ന് ദർശനത്തിനായി റോഡ് മാർഗം കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി പൂജകൾ പൂർത്തിയാക്കിയ ശേഷമാണ് മോദി നഗരത്തിന് പുറത്തുള്ള ട്രേഡ് ഫെസിലിറ്റി സെന്ററില്‍ എത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്നേഹ വായ്പിന് മോദി നന്ദി രേഖപ്പെടുത്തി

click me!