പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട്ടെ എൻഡിഎ പ്രചാരണ പരിപാടിയിലെത്തി

By Web TeamFirst Published Apr 12, 2019, 6:32 PM IST
Highlights

കാസർകോട് മുതൽ തൃശ്ശൂർ വരെയുള്ള എൻഡിഎ സ്ഥാനാർത്ഥികളെ വേദിയിൽ അണിനിരത്തിയാണ് മോദിയുടെ പ്രചാരണപരിപാടി. വയനാട്ടിൽ രാഹുലിന് മുസ്ലീംലീഗ് നൽകുന്ന പിന്തുണ ഉയർത്തിക്കാട്ടിയുള്ള പ്രസംഗം കേരളത്തിലെത്തിയും മോദി ആവർത്തിക്കുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. 

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അൽപസമയത്തിനകം കേരളത്തിലെത്തും. പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന മോദി കോഴിക്കോട്ടെ ബീച്ചിലുള്ള പ്രചാരണവേദിയിലേക്ക് റോഡ് മാർഗമാണ് എത്തുക. കാസർകോട് മുതൽ തൃശ്ശൂർ വരെയുള്ള എൻഡിഎ സ്ഥാനാർത്ഥികളെ വേദിയിൽ അണിനിരത്തിയാണ് മോദിയുടെ പ്രചാരണപരിപാടി. എന്നാൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ മോദി പ്രചാരണപരിപാടി നടത്തുന്നില്ലെന്നത് കൗതുകകരമാണ്. 

കർണാടകയിലെ കൊപ്പാളിൽ നിന്നാണ് മോദി കോഴിക്കോട്ടെത്തുന്നത്. കോഴിക്കോട്ടെ ബീച്ചിൽ തയ്യാറാക്കിയ പ്രചാരണവേദിയിലേക്ക് നിരവധി പ്രവർത്തകർ എത്തിക്കഴിഞ്ഞു. എസ്‍പിജിയുടെ നിയന്ത്രണത്തിലാണ് കോഴിക്കോട്ടെ പ്രചാരണവേദി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ ആദ്യപ്രചാരണ റാലിയാണിത്. 

വയനാട്ടിൽ രാഹുലിന് മുസ്ലീംലീഗ് നൽകുന്ന പിന്തുണ ഉയർത്തിക്കാട്ടിയുള്ള പ്രസംഗം കേരളത്തിലെത്തിയും മോദി ആവർത്തിക്കുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. വയനാട് പാകിസ്ഥാനാണെന്ന ബിജെപി അദ്ധ്യക്ഷൻ അമിത് ഷായുടെ പ്രസ്താവന വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്കുണ്ടാക്കുന്ന തലവേദന ചില്ലറയല്ല. ദേശീയ നേതാക്കൾ ഉത്തരേന്ത്യയിൽ വോട്ട് പിടിക്കാനായി നടത്തുന്ന ഇത്തരം പ്രസ്താവനകൾക്ക് പ്രാദേശികതലത്തിൽ മറുപടി പറയേണ്ടി വരുന്നത് ബിഡിജെഎസ്സാണ്. ഇക്കാര്യത്തിൽ ബിഡിജെഎസ്സിന് ചെറുതല്ലാത്ത അതൃപ്തിയുമുണ്ട്.

ശബരിമലയും മോദിയുടെ പ്രസംഗത്തിന് വിഷയമാകുമെന്നുറപ്പ്. ബിജെപിയുടെ പ്രകടനപത്രികയിൽ ഉൾപ്പെട്ട ശബരിമല വിഷയം പക്ഷേ കേരളത്തിൽ തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതിന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. ഇത് മോദി കണക്കിലെടുക്കുമോ എന്നും കണ്ടറിയണം. നേരത്തേ അയ്യപ്പന്‍റെ പേര് പറഞ്ഞ് വോട്ട് ചോദിച്ചതിന് വരണാധികാരി കൂടിയായ ജില്ലാ കളക്ടർ തൃശ്ശൂരെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് നോട്ടീസയച്ചിരുന്നു. 

പുൽവാമ ഭീകരാക്രമണവും ബാലാകോട്ട് പ്രത്യാക്രമണവും മഹാരാഷ്ട്രയിലെ ലാത്തൂരിൽ നടത്തിയ പ്രചാരണപരിപാടിയിൽ വിഷയമാക്കിയത് ചട്ടലംഘനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു. ഈ രണ്ട് വിഷയങ്ങളും മോദി വീണ്ടും ഉന്നയിക്കുമോ എന്നതും കണ്ടറിയണം. 

രണ്ടാം വരവിൽ മോദി തിരുവനന്തപുരത്തെ പ്രചാരണപരിപാടിയിലാണ് പങ്കെടുക്കുക. ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ ഉൾപ്പടെയുള്ള നേതാക്കളും വരും ദിവസങ്ങളിൽ കേരളത്തിലെത്തും. 

click me!