അഭ്യൂഹങ്ങൾക്ക് അവസാനമായി; ദക്ഷിണേന്ത്യയിൽ നിന്ന് പ്രധാനമന്ത്രി മത്സരിക്കില്ല

By Web TeamFirst Published Mar 26, 2019, 7:47 AM IST
Highlights

ദക്ഷിണേന്ത്യയിൽ നിന്ന് പ്രധാനമന്ത്രി മത്സരിക്കില്ല. ബംഗ്ലൂരു സൗത്തിൽ തേജസ്വി സൂര്യ സ്ഥാനാർത്ഥിയാകും.

ദില്ലി: ദക്ഷിണേന്ത്യയിൽ നിന്ന് പ്രധാനമന്ത്രി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് അവസാനമായി. ബംഗ്ലൂരു സൗത്തിൽ നിന്ന് നരേന്ദ്രമോദി മത്സരിക്കില്ല. തേജസ്വി സൂര്യയെ സ്ഥാനാർത്ഥിയായി ബി ജെ പി പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ മോദി മത്സരിക്കുമെന്ന അഭ്യൂഹം അവസാനിച്ചു.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണേന്ത്യയിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ബി ജെ പി കോട്ടയായ ബംഗ്ലൂരു സൗത്തിൽ മോദി സ്ഥാനാർത്ഥിയാകുമെന്നായിരുന്നു റിപ്പോർട്ടുകള്‍. തേജസ്വി സൂര്യയുടെ സ്ഥാനാർഥിത്വമാണ് ഈ അഭ്യൂഹങ്ങൾക്ക് അവസാനം കുറിച്ചത്.  ബി ജെ പി പ്രഖ്യാപിച്ച ഒമ്പതാം സ്ഥാനാര്‍ത്ഥി പട്ടികയിൽ കർണാടകത്തിലെ രണ്ട് സീറ്റുൾപ്പെടെ നാല് സ്ഥാനാർത്ഥികളുണ്ട്.

അതേസമയം, രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. പന്ത്രണ്ടാം പട്ടിക പുറത്തിറക്കിയ ശേഷവും വയനാട്ടിലെയും വടകരയിലെയും സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചില്ല. തീരുമാനമെടുത്തിട്ടില്ലെന്നാണ് കോൺഗ്രസ് പ്രതികരണം. ഇന്ന് രാവിലെ പത്ത് മണിക്ക് കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് വയനാട് സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത്. ഇന്നലെ രാത്രി വൈകി പ്രഖ്യാപിച്ച 12 മത് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ജെ ഡി എസ് കോൺഗ്രസിന് തിരികെ നൽകിയ ബംഗ്ലുരൂ നോർത്തിലിലെ പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. അതേസമയം സ്വന്തം പ്രചാരണത്തിൽ നിന്ന് പിന്മാറിയ ടി സിദ്ദിഖ് രാഹുൽ എത്തുമെന്ന കണക്കുകൂട്ടലിൽ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ സജീവമാണ്.

Also Read: രാഹുലിന്‍റെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടരുന്നു; വടകരയും വയനാടും ഇല്ലാതെ കോൺഗ്രസിന്‍റെ  12-ാം സ്ഥാനാർത്ഥി പട്ടിക

click me!