ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിക്കെതിരെ പൊലീസിന്റെ അസഭ്യ വർഷം; പരാതി നൽകിയതായി ചിഞ്ചു അശ്വതി

By Sumam ThomasFirst Published Apr 18, 2019, 5:17 PM IST
Highlights

ഇന്റർസെക്സ് വ്യക്തിത്വമായ ചിഞ്ചു അശ്വതിയ്ക്കാണ് പൊലീസിന്റെ ഭാ​ഗത്ത് നിന്നും അധിക്ഷേപവും അപമാനവും നേരിടേണ്ടി വന്നത്. മുഖ്യമന്ത്രിക്കും കളക്ടർക്കും കമ്മീഷണർക്കും പരാതി നൽകിയതായി ചിഞ്ചു ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വെളിപ്പെടുത്തി.

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ക്വിയർ അംബേദ്കറൈറ്റ് സ്വതന്ത്ര സ്ഥാനാർത്ഥി ചിഞ്ചു അശ്വതി തനിക്കെതിരെ നടന്ന പൊലീസ് അതിക്രമത്തിൽ പരാതി നൽകി. മുഖ്യമന്ത്രിക്കും കളക്ടർക്കും കമ്മീഷണർക്കും പരാതി നൽകിയതായി ചിഞ്ചു ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വെളിപ്പെടുത്തി. ഇന്റർസെക്സ് വ്യക്തിത്വമായ ചിഞ്ചു അശ്വതിയ്ക്കാണ് പൊലീസിന്റെ ഭാ​ഗത്ത് നിന്നും അധിക്ഷേപവും അപമാനവും നേരിടേണ്ടി വന്നത്. 

"

സംഭവത്തെക്കുറിച്ച് ചിഞ്ചു വിശദീകരിക്കുന്നത് ഇങ്ങനെ, ''പതിനാലാം തീയതി വെളുപ്പിന് രണ്ടരമണിക്ക് എനിക്ക് നേരെ ഒരു പൊലീസ് അക്രമണമുണ്ടായി. അന്നേ ദിവസം അം​ബേദ്കറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് വേൾഡ് നോളഡ്ജ് ഡേ സെലബ്രേഷനു വേണ്ടി സുഹൃത്തുക്കളെ കാണാനും അവരെ വിവരങ്ങൾ അറിയിക്കാനുമായി പോയി തിരിച്ചു വരികയായിരുന്നു. ദേശാഭിമാനി ജം​ഗ്ഷനിലുള്ള പോണോത്ത് റോ‍ഡിൽ ഞാൻ ഓട്ടോയിൽ വെയ്റ്റ് ചെയ്യുകയായിരുന്നു.

ഓട്ടോയ്ക്കുളള പണവുമായി ഇലക്ഷൻ ഏജന്റ് വരുന്നതിന് വേണ്ടിയാണ് ഓട്ടോയിൽ വെയ്റ്റ് ചെയ്തത്. ഇലക്ഷനെക്കുറിച്ച് സംസാരിച്ചു കൊണ്ടിരുന്ന സമയത്ത് ഞങ്ങളുടെ എതിർവശത്ത് ഒരു പൊലീസ് വാഹനമുണ്ടായിരുന്നു. ഇലക്ഷൻ ഏജന്റ് വന്ന് ഓട്ടോയ്ക്ക് പൈസ കൊടുത്ത് ഞങ്ങൾ താമസിക്കുന്ന സ്ഥലത്തേയ്ക്ക് കൊണ്ടുപോയി ആക്കുമോ എന്ന് ചോദിച്ചു. പോകാൻ ഓട്ടോ സ്റ്റാർട്ട് ചെയ്ത സമയത്ത് രണ്ട് വണ്ടികളിലായി പൊലീസുകാർ വന്നു. പൊലീസുകാരിലൊരാൾ ഓടിയിറങ്ങി വന്ന് എടാ പോടാ എന്ന് വിളിച്ച് തെറി വിളിക്കുകയും ഞങ്ങളോട് മോശമായി പെരുമാറുകയും ചെയ്തു. വളരെ മോശം ഭാഷായായിരുന്നു പോലീസ് ഉപയോ​ഗിച്ചത്. ഓട്ടോയുടെ കീ ഊരിയെടുത്ത് ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്നും പരിശോധിച്ചു. ഞാൻ ഓട്ടോയിൽ നിന്നിറങ്ങുന്നത് കണ്ടപ്പോൾ പൊലീസുകാരൻ വണ്ടിയിൽ നിന്ന് ഒരു ചൂരൽ എടുത്തു കൊണ്ടുവന്നു. 

എന്റെ ഫോൺ തട്ടിപ്പറിച്ചതിന് ശേഷം എന്നോട് വീണ്ടും മോശമായി പെരുമാറി. ഞാനൊരു ട്രാൻസ്ജെൻഡറാണ്, സ്ഥാനാർത്ഥിയാണ് എന്ന് പറഞ്ഞപ്പോൾ എന്റെ ട്രാൻസ്ജെൻ‌ഡർ വ്യക്തിത്വത്തെ അപമാനിച്ച് സംസാരിച്ചു. എന്റെ സ്ഥാനാർത്ഥിത്വത്തെ മോശമാക്കി സംസാരിച്ചു. ഇതിനെതിരെ ഞാൻ കമ്മീഷണർക്കും കളക്ടർക്കും മുഖ്യമന്ത്രിക്കും സാമൂഹ്യനീതി വകുപ്പിലും പരാതി നൽകിയിട്ടുണ്ട്. പരാതിയും തുടർനടപടികളുമായി മുന്നോട്ട് പോകാനാണ് എന്റെ തീരുമാനം.'' ചിഞ്ചു പറഞ്ഞു. 

കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിയാണ് ചിഞ്ചു അശ്വതി. പൊലീസ് തന്നെ തടഞ്ഞു നിർത്തി ശാരീരികമായി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും നിറത്തെ അവഹേളിച്ചതായും ചിഞ്ചു വെളിപ്പെടുത്തുന്നു. അട്രോസിറ്റി ആക്റ്റ് പ്രകാരം പരാതി നൽകുമെന്ന് ആവർത്തിച്ച് പറഞ്ഞത് കൊണ്ട് മാത്രണ് പൊലീസ് ശാരീരികമായി ഉപദ്രവിക്കാതിരുന്നതെന്നും ചിഞ്ചു കൂട്ടിച്ചേർക്കുന്നു. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ചിഞ്ചു പരാതിയിൽ ആവശ്യപ്പെടുന്നത്. പീപ്പിൾസ് പൊളിറ്റിക്കൽ ഫോറം എന്ന കൂട്ടായ്മയുടെ പിന്തുണയോടെയാണ് മത്സരരംഗത്തിറങ്ങുന്നത്. ബംഗ്ലൂരുവിൽ ഒരു സന്നദ്ധ സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുകയാണ് ചിഞ്ചുവിപ്പോൾ. തൃശ്ശൂർ ആസ്ഥാനമായുള്ള സഹയാത്രിക എന്ന സംഘടനയിലും പ്രവർത്തിച്ചിട്ടുണ്ട്. 
 

click me!