കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്; പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി

By Web TeamFirst Published Apr 22, 2019, 6:39 PM IST
Highlights

സംസ്ഥാനത്ത് 24,970 പോളിംഗ് ബൂത്തുകളാണുള്ളത്. 149 കേന്ദ്രങ്ങളിൽ നിന്നാണ് ഈ ബൂത്തുകളിലേക്കുള്ള വോട്ടിംഗ് സാമഗ്രികളെത്തിച്ചത്. സംസ്ഥാന വ്യാപകമായി വിവിപാറ്റ് മെഷീൻ ഉപയോഗിക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്. 

തിരുവനന്തപുരം: കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ സംസ്ഥാനത്ത് വോട്ടിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി ബൂത്തികളിലെത്തിച്ചു. നാളെ രാവിലെ ഏഴു മണി മുതലാണ് വോട്ടെടുപ്പ്. 

രാവിലെ ഒൻപത് മണി മുതലാണ് പല വിതരണ കേന്ദ്രങ്ങളിലെയും സ്ട്രോങ്ങ് റൂമുകള്‍ തുറന്നത്. വോട്ടർപട്ടികയും അനുബന്ധ രേഖളും കൈപ്പറ്റിയ പോളിംഗ് ഓഫീസർമാർ സ്ട്രോംഗ് റൂമിൽ നിന്ന് വോട്ടിംഗ് മെഷീനും വിവിപാറ്റ് മെഷീനും വാങ്ങി ബൂത്തുകളിലേക്ക് തിരിച്ചു. ഉച്ചയോടെ വോട്ടിംഗ് മെഷീനിൻറെ വിതരണം പൂർത്തിയാക്കി. വൈകുന്നേരത്തോടെ വോട്ടിംഗ് മെഷീനുകളുമായി ഉദ്യോഗസ്ഥർ ബൂത്തുകളിലെത്തി. 

Read Also : ഇവിഎമ്മും വിവിപാറ്റും, പോളിം​ഗ് ബൂത്തിലേക്ക് പോകുമ്പോൾ അറിയേണ്ടതെന്തൊക്കെ

സംസ്ഥാനത്ത് 24,970 പോളിംഗ് ബൂത്തികളാണുള്ളത്. 149 കേന്ദ്രങ്ങളിൽ നിന്നാണ് ഈ ബൂത്തുകളിലേക്കുള്ള വോട്ടിംഗ് സാമഗ്രികളെത്തിച്ചത്. സംസ്ഥാന വ്യാപകമായി വിവിപാറ്റ് മെഷീൻ ഉപയോഗിക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്. വിവിപാറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിലും വോട്ട് രേഖപ്പെടുത്താൻ കൂടുതൽ സമയം വേണ്ടിവരില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

നാളെ രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഹരിത ചട്ടം പാലിച്ചുള്ള തെരഞ്ഞെടുപ്പ് വേണമെന്നാണ് കമ്മീഷന്‍റെ നിർദ്ദേശം. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങള്‍ ബൂത്തുകളിൽ പാടില്ലെന്ന് ഉദ്യോഗസ്ഥർക്കും രാഷ്ട്രീ പാർട്ടികള്‍ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. തുണി സഞ്ചിയിലാണ് ഇക്കുറി വോട്ടിംഗ് രേഖകളെല്ലാം ഉദ്യോഗസ്ഥർക്ക് കൈമാറിയത്. 2,61,51,534 പേർക്കാണ് സംസ്ഥാനത്ത് വോട്ടവകാശമുളളത്. നാളെ വൈകുന്നേരം വോട്ടെടുപ്പ് പൂർത്തിയാക്കി സീൽ ചെയ്ത മെഷീനുകള്‍ ഉദ്യോഗസ്ഥർ തിരിച്ച് സ്ട്രോങ് റൂമുകളിൽ എത്തിക്കണം. 257 സ്ട്രോങ് റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
 

click me!