വോട്ടിങ് മെഷീൻ വീട്ടിൽ സൂക്ഷിച്ചു; മധ്യപ്രദേശിലെ പോളിങ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

By Web TeamFirst Published May 12, 2019, 9:59 AM IST
Highlights

തെരഞ്ഞെടുപ്പ് ആവശ്യത്തിനായി എടുത്ത ശേഷം ബാക്കി വന്ന കരുതൽ ഇവിഎമ്മുകളാണ് ശ്രീവാസ്തവ് വീട്ടിൽ കൊണ്ടുപോയി സൂക്ഷിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ അത് എന്തിനായിരുന്നു എന്നുള്ളത് വ്യക്തമായിട്ടില്ല.

ഭോപ്പാൽ: മധ്യപ്രദേശിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ വീട്ടിൽ കൊണ്ടുപോയി സൂക്ഷിച്ച പോളിങ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. മധ്യപ്രദേശിലെ ഗുണയിലുള്ള സെക്ടര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ എകെ ശ്രീവാസ്തവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ശ്രീവാസ്തവിന്റെ വീട്ടിൽ നിന്നും ഇവിഎം മെഷീനുകൾ പടിച്ചെടുത്തതായും ജോലിയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കിയതായും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ശ്രിവാനി രാഘ്‌വര്‍ ഗാര്‍ഗ് പറഞ്ഞു.

സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് ആവശ്യത്തിനായി എടുത്ത ശേഷം ബാക്കി വന്ന കരുതൽ ഇവിഎമ്മുകളാണ് ശ്രീവാസ്തവ് വീട്ടിൽ കൊണ്ടുപോയി സൂക്ഷിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ അത് എന്തിനായിരുന്നു എന്നുള്ളത് വ്യക്തമായിട്ടില്ല.

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ട പോളിങ്  59 മണ്ഡലങ്ങളിലായാണ് നടക്കുന്നത്. ഉത്തര്‍ പ്രദേശിലെ 14 സീറ്റുകളിലും പശ്ചിമ ബംഗാളിലെയും ബിഹാറിലെയും എട്ടു വീതം സീറ്റുകളിലും ജനം വിധിയെഴുതും. ദില്ലിയിലും ഹരിയാനയിലും ഇന്നാണ് വോട്ടെടുപ്പ്. ഹരിയാനയില്‍ പത്തും ദില്ലിയില്‍ ഏഴ് മണ്ഡലങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങും ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാസിങ്ങും ഏറ്റുമുട്ടുന്ന ഭോപ്പാലാണ് ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്ന്.

ജ്യോതിരാദിത്യ സിന്ധ്യ, കീര്‍ത്തി ആസാദ്, ഭൂപേന്ദിര്‍ സിങ്ങ് ഹൂഡ, ഷീലാ ദീക്ഷിത്, ഗൗതം ഗംഭീര്‍ എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖ സ്ഥാനാര്‍ഥികള്‍.
 

click me!