ഗോഡ്സെ പരാമര്‍ശം: ഒടുവിൽ മാപ്പ് പറഞ്ഞ് പ്രഗ്യാ സിങ്, മാധ്യമങ്ങൾ വാക്കുകൾ വളച്ചൊടിച്ചെന്ന് വിശദീകരണം

By Web TeamFirst Published May 16, 2019, 10:54 PM IST
Highlights

ഗാന്ധിജി രാജ്യത്തിന് നൽകിയ സംഭാവനകൾ മറക്കാൻ കഴിയില്ലെന്നും പ്രഗ്യാ സിങ് പറഞ്ഞു.

ഭോപ്പാൽ: മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിച്ചതില്‍ പരസ്യമായി മാപ്പു പറഞ്ഞ് ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രഗ്യാ സിങ് ഠാക്കൂർ. താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും പ്രഗ്യാ സിങ് ഠാക്കൂർ ആരോപിച്ചു.

"ഞാൻ പറഞ്ഞത് എന്‍റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ആരെയും വേദനിപ്പിക്കാനോ വികാരം വ്രണപ്പെടുത്താനോ ഉദ്ദേശിച്ചായിരുന്നില്ല അത്. എന്‍റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു."-പ്രഗ്യാ സിങ് പറഞ്ഞു. 

ഗാന്ധിജി രാജ്യത്തിന് നൽകിയ സംഭാവനകൾ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും തന്‍റെ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി വ്യാഖാനിക്കുകയായിരുന്നുവെന്നും പ്രഗ്ര്യാ സിങ് ഠാക്കൂർ വിശദീകരിച്ചു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ  തീവ്രവാദി ഹിന്ദുവായ ഗോഡ്സെ ആണെന്ന കമലഹാസന്‍റെ പ്രസ്താവനയോട് പ്രതികരിക്കുന്നതിനിടയിലായിരുന്നു പ്രഗ്യാ സിങ് വിവാദ പരാമര്‍ശം നടത്തിയത്. ഗോഡ്‌സേ രാജ്യസ്നേഹി ആയിരുന്നു, ആണ്, ആയിരിക്കും എന്നായിരുന്നു പ്രഗ്യാസിങിന്‍റെ വിവാദ പരാമർശം. ഗോഡ്സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണം. ഇവര്‍ക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും പ്രഗ്യാ സിങ് പറഞ്ഞു.

ഗോഡ്സെയെ അനുകൂലിച്ചുള്ള പരാമര്‍ശം വലിയ വിവാദമാകുകയും നിരവധി നേതാക്കൾ പ്രഗ്യാ സിങിനെതിരെ രംഗത്തെത്തുകയും ചെയ്തു. വിഷയത്തിൽ ബിജെപി അധ്യക്ഷൻ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തു.  എന്നാൽ പ്രഗ്യാ സിങിനെ തള്ളിപ്പറഞ്ഞ ബിജെപി വിഷയത്തിൽ സ്ഥാനാർത്ഥി മാപ്പ് പറഞ്ഞെന്ന് വിശദീകരിച്ചാണ് വിവാദം അവസാനിപ്പിക്കാൻ ശ്രമിച്ചത്.

click me!