'ബാബറി മസ്ജിദ് പൊളിക്കാന്‍ താനുണ്ടായിരുന്നു'; പ്രസ്താവന വിവാദമായി; മത്സരിക്കാനിറങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ പ്രഗ്യാസിങിന് വീണ്ടും നോട്ടീസ്

By Web TeamFirst Published Apr 21, 2019, 8:13 PM IST
Highlights

മത്സരിക്കാനിറങ്ങി ഒരാഴ്ചയാകും മുമ്പ്  തെരഞ്ഞെടുപ്പ് കമ്മീഷന്റെ രണ്ടാമത്തെ നോട്ടീസാണ് പ്രഗ്യാസിങിന് ലഭിക്കുന്നത് . നേരത്തെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കരെയ്ക്കെതിരെ നടത്തിയ പരാമര്‍ശം വന്‍ വിവാദമായിരുന്നു

ഭോപ്പാല്‍: വീണ്ടും വിവാദ പ്രസ്താവനയുമായി ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാസിങ് താക്കൂർ. ബാബറി മസ്ജിദ് പൊളിക്കാന്‍ താനുണ്ടായിരുന്നെന്ന പ്രസ്താവന വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടാമത്തെ നോട്ടീസ് നല്‍കി. ബാബറി മസ്ജിദ് പൊളിക്കാന്‍ ഞാനുമുണ്ടായിരുന്നു. രാമക്ഷേത്ര നിർമ്മാണത്തിൽ നിന്ന് ഞങ്ങളെ ആര്‍ക്കും തടയാനാവില്ല എന്നായിരുന്നു. ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാസിങ് താക്കൂറിന്‍റെ പ്രസ്താവന. 

മത്സരിക്കാനിറങ്ങി ഒരാഴ്ചയാകും മുമ്പ്  തെരഞ്ഞെടുപ്പ് കമ്മീഷന്റെ രണ്ടാമത്തെ നോട്ടീസാണ് പ്രഗ്യാസിങിന് ലഭിക്കുന്നത് . നേരത്തെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കരെയ്ക്കെതിരെ നടത്തിയ പരാമര്‍ശം വന്‍ വിവാദമായിരുന്നു. കര്‍ക്കരെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് തന്‍റെ ശാപം കൊണ്ടെന്നായിരുന്നു പ്രസ്താവന. 

ഇതിന് പിന്നാലെയാണ് പുതിയ വിവാദം. ഇത്തരം പ്രസ്താവനകൾക്കെതിരെ നടപടി വേണ്ടി വരും എന്ന മുന്നറിയിപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയിട്ടുണ്ട്. 
അതേസമയം രക്തസാക്ഷികളോടുള്ള കോൺഗ്രസിന്റെ സ്നേഹം കപടമാണ് എന്ന വാദവുമായി പ്രധാനമന്ത്രി രംഗത്തു വന്നു. ദില്ലിയിൽ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട ബട് ല ഹൗസ് ഏറ്റുമുട്ടൽ വ്യാജമെന്ന് ദ്വിഗ് വിജയ് സിംഗ് പറഞ്ഞപ്പോൾ കോണ്‍ഗ്രസ് എവിടെയായിരുന്നെന്ന് മോദി ചോദിച്ചു.

click me!