പ്രഗ്യാ സിങ് ഇന്ത്യയുടെ 'നിഷ്കളങ്കയായ മകള്‍' എന്ന് ശിവരാജ് സിങ് ചൗഹാന്‍

By Web TeamFirst Published Apr 22, 2019, 5:48 PM IST
Highlights

എന്തുകൊണ്ടാണ്  പ്രഗ്യാ സിങ്ങിന്‍റെ  സ്ഥാനാര്‍ത്ഥിത്വത്തെ എല്ലാവരും എതിര്‍ക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. 

ദില്ലി:   പ്രചാരണത്തിനിടെ വിവാദപ്രസ്താവനകള്‍ നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ് ലഭിച്ച ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിങ് ഠാക്കൂറിനെ പിന്തുണച്ച് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ശിവരാജ് സിങ് ചൗഹാന്‍. പ്രഗ്യാ സിങ് ദേശസ്നേഹിയും നിഷ്കളങ്കയുമാണെന്നാണ് ചൗഹാന്‍ അഭിപ്രായപ്പെട്ടത്.

"പ്രഗ്യാ ദേശസ്നേഹിയാണ്. ഇന്ത്യയുടെ നിഷ്കളങ്കയായ മകളാണ്. ഭോപ്പാലില്‍ വന്‍ ഭൂരിപക്ഷത്തോടെ പ്രഗ്യാ സിങ് വിജയിക്കും."എന്‍ഡിടിവിക്ക്  നല്കിയ അഭിമുഖത്തില്‍ ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. 

മലേഗാവ് സ്ഫോടനക്കേസില്‍ പ്രഗ്യക്കെതിരെയുണ്ടായത് തെറ്റായ ആരോപണങ്ങളാണെന്ന് ചൗഹാന്‍ പറഞ്ഞു. അവരെ കുറ്റക്കാരിയാക്കാന്‍ നിയമം വളച്ചൊടിക്കുകയായിരുന്നു. മനുഷ്യത്വത്തിന് നിരക്കാത്ത പീഡനങ്ങളാണ് അതിന്‍റെ പേരില്‍ പ്രഗ്യാ സിങ് ഏറ്റുവാങ്ങിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭോപ്പാലില്‍ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്ങാണ് പ്രഗ്യയുടെ മുഖ്യ എതിരാളി. ബിജെപിയുടെ സുരക്ഷിതമണ്ഡലമായ ഭോപ്പാലില്‍ ബിജെപിയുടെ ഏതൊരു സാധാരണ സ്ഥാനാര്‍ത്ഥിക്കും അനായാസം ജയിക്കാവുന്നതാണെന്നും എന്തുകൊണ്ടാണ്  പ്രഗ്യാ സിങ്ങിന്‍റെ  സ്ഥാനാര്‍ത്ഥിത്വത്തെ എല്ലാവരും എതിര്‍ക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. 

click me!