പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകില്ല, ഇപ്പോഴും കോണ്‍ഗ്രസുകാരനെന്ന് പ്രയാര്‍

By Web TeamFirst Published Mar 23, 2019, 9:23 AM IST
Highlights

പത്തനംതിട്ടയില്‍ ഇതുവരെയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്ന് ചില കോണ്‍ഗ്രസ് നേതാക്കളെ ബിജെപി പാളയത്തിലെത്തിച്ച് മത്സരിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു.

തിരുവനന്തപുരം: പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലാകൃഷ്ണന്‍. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകില്ലെന്നും ആരും തന്നെ സമീപിച്ചിട്ടില്ലെന്നും പ്രയാര്‍ പറഞ്ഞു. താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും പ്രയാര്‍ കൂട്ടിച്ചേര്‍ത്തു. 

പത്തനംതിട്ടയില്‍ ഇതുവരെയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്ന് ചില കോണ്‍ഗ്രസ് നേതാക്കളെ ബിജെപി പാളയത്തിലെത്തിച്ച് മത്സരിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ പ്രയാര്‍ ഗോപാലകൃഷ്ണനോ, പി ജെ കുര്യനോ മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കുകയാണ് പ്രയാര്‍. 

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ബിജെപി നിലപാടുകള്‍ക്കൊപ്പം  നിന്ന പ്രയാര്‍ ബിജെപി പാളയത്തിലേക്ക് ചേക്കേറിയേക്കുമെന്നും പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്ന് ആവര്‍ത്തിക്കുകയാണ് അദ്ദേഹം.  അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്നും ഏതറ്റം വരെ പോരകുമെന്ന് നോക്കി പിന്നീട് പ്രതികരിക്കാമെന്നുമായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ പറഞ്ഞത്. 

മണ്ഡലത്തില്‍ മത്സരിക്കാന്‍ ബിജെപി നേതൃത്വം കോണ്‍ഗ്രസ് നേതാവുമായി നേരിട്ടിടപെട്ട് ചര്‍ച്ചകൾ തുടരുന്നതായാണ് വിവരം. ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ഉള്ള മുതിര്‍ന്ന കോൺഗ്രസ് നേതാവ് പത്തനംതിട്ടയിൽ മത്സരിക്കാനെത്തുന്നതോടെ മണ്ഡലത്തിൽ വലിയ നേട്ടം ഉണ്ടാക്കാമെന്ന വിലയിരുത്തലിലാണ് ബിജെപി. ശബരിമലയടക്കമുള്ള വിഷയങ്ങൾ പ്രതിഫലിക്കുന്ന മണ്ഡലത്തിൽ  ശക്തമായ ത്രികോണ മത്സരമുണ്ടായാൽ വിജയം ഉറപ്പിക്കാമെന്ന കണക്കു കൂട്ടലുമുണ്ട്. 

click me!