
ദില്ലി: ഞാനും കാവൽക്കാരനാണെന്ന പേരിൽ ട്വിറ്റർ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക പ്രശ്നങ്ങൾക്കെതിരായ പോരാട്ടത്തിൽ താൻ ഒറ്റയ്ക്കല്ലെന്നും നരേന്ദ്രമോദി പറഞ്ഞു.
"നിങ്ങളുടെ കാവൽക്കാരൻ നട്ടെല്ലുയർത്തി നിന്ന് നാടിനെ സേവിക്കുന്നവനാണ്. പക്ഷേ ഞാനൊറ്റയ്ക്കല്ല, അഴിമതിയ്ക്കും അക്രമത്തിനും സാമൂഹിക പ്രശ്നങ്ങൾക്കും എതിരെ പ്രതികരിക്കുന്ന ഓരോരുത്തരും കാവൽക്കാരാണ്. ഇന്ത്യയുടെ പുരോഗതിയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന എല്ലാവരും കാവൽക്കാരാണ്. ഇന്ന് എല്ലാ ഇന്ത്യക്കാരും പറയുന്നു #മെയ്ൻബിചൗക്കിദാർ" മോദി ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.
ഇതിനൊപ്പം ചേർത്ത മൂന്ന് മിനിറ്റ് വീഡിയോയിൽ അഴിമതിയിൽ നിന്ന് സ്വയം അകന്ന് നിൽക്കാനും താനൊരു കാവൽക്കാരനാകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. റാഫേൽ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കാവൽക്കാരൻ കള്ളനാണെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തിന് വലിയ സ്വീകാര്യത കിട്ടിയ സാഹചര്യത്തിലാണ് അതേ നാണയത്തിൽ മറുപടിയുമായി മോദി രംഗത്തെത്തിയിരിക്കുന്നത്.