
മീററ്റ്: പൊതുതെരഞ്ഞെടുപ്പില്‍ താമരയ്ക്ക് വേട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുള്ള ബിജെപി നേതാവ് വിനീത് അഗര്‍വാള്‍ ശാര്‍ദയുടെ പ്രസംഗം വൈറലായി. 30 സെക്കന്റ് സമയത്തിനുള്ളില്‍ 35 തവണയാണ് ശാര്‍ദ താമര എന്ന് ഉരുവിട്ടത്.
മീററ്റിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജേന്ദ്ര അഗര്‍വാളിന്റെ പ്രചാരണത്തിനെത്തിയതായിരുന്നു ശാര്‍ദ. താമര മന്ത്രം ഉരുവിട്ടപ്പോഴും അഗര്‍വാളിന് വോട്ട് ചെയ്യണമെന്ന് ശാര്‍ദ ആഹ്വാനം ചെയ്തപ്പോഴും വന്‍ കരഘോഷത്തോടെയാണ് ജനങ്ങള്‍ എതിരേറ്റത്.
താമരയാണോ അതിന് പകരം വേറെന്തെങ്കിലുമാണോ വേണ്ടത് എന്ന് നിങ്ങള്‍ കാര്യമായി ചിന്തിക്കണം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ശ്വാസം വിടാതെയുള്ള ബിജെപി നേതാവിന്റെ താമര മന്ത്രോച്ചാരണം. പ്രസംഗത്തിന്റെ വീഡിയോ അതിവേഗം വൈറലാവുകയായിരുന്നു.
രാജേന്ദ്ര അഗര്‍വാള്‍ വിജയിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീരാമന്‍ ആകുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലക്ഷ്മണന്‍ ആകുമെന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഭരതനാകുമെന്നും ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ശാര്‍ദ പറയുന്നുണ്ട്. ഇത് മൂന്നാം തവണയാണ് രാജേന്ദ്ര അഗര്‍ വാള്‍ മീററ്റില് നിന്ന് ജനവിധി തേടുന്നത്.