
മലപ്പുറം: മലപ്പുറത്ത് ഫുട്ബോൾ രാഷ്ട്രീയം പറഞ്ഞ് കയ്യടി വാങ്ങി പ്രിയങ്ക ഗാന്ധി. ഏറനാട് നിയോജകമണ്ഡലത്തിലെ അരീക്കോട് പ്രസംഗിക്കുന്നതിനിടെയാണ് തന്‍റെ കുടുംബത്തിലെ ഫുട്ബോൾ പ്രേമികളെക്കുറിച്ച് പ്രിയങ്ക മനസ് തുറന്നത്.
രാഹുൽ ഗാന്ധിക്ക് വോട്ട് തേടി അരീക്കോട് എത്തിയ പ്രിയങ്ക ഗാന്ധി പ്രസംഗം തുടങ്ങിയത് തന്നെ ഫുട്ബോളിൽ നിന്നായിരുന്നു. 1982 ൽ ഇന്ദിരാ ഗാന്ധിക്കൊപ്പം ഫുട്ബോൾ ഫൈനൽ കണ്ട ഓർമ്മകള്‍ പങ്കുവച്ച പ്രിയങ്ക കുടുംബത്തിലെ പുതുതലമുറ ഫുട്ബോൾ പ്രേമികളെക്കുറിച്ചും സംസാരിച്ചു.
കാൽപന്തുകളിയുടെ ആരവങ്ങൾക്കിടെ വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകൾക്കും പ്രിയങ്ക പിന്തുണ അറിയിച്ചു. വേദി വിടും മുൻപ് ഫുട്ബോൾ ആരാധകനായ മകൻ റയ്ഹാനെയും മകൾ മിറായയെയും പരിചയപ്പെടുത്താനും പ്രിയങ്ക മറന്നില്ല.
ഫുട്ബോളിൽ തുടങ്ങി ഫുട്ബോളിൽ അവസാനിപ്പിച്ചെങ്കിലും ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് അക്കമിട്ട് നിരത്തി കയ്യടി വാങ്ങിയാണ് പ്രിയങ്ക മടങ്ങിയത്.