രാജിപ്രവാഹം, ചേരിപ്പോര്; തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ നയിക്കാന്‍ ഇനി രാഹുല്‍ ഉണ്ടാകുമോ?

By Web TeamFirst Published May 28, 2019, 11:49 AM IST
Highlights

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടിയിലെ അസ്വാരസ്യങ്ങളും രാജിപ്രവാഹവും കോണ്‍ഗ്രസിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ദില്ലി: ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രതിസന്ധിയിലേക്ക്. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. രാഹുലിന്‍റെ തീരുമാനം അംഗീകരിക്കാതിരുന്ന കോണ്‍ഗ്രസ് നേതൃത്വം ഉടന്‍ തന്നെ പ്രവര്‍ത്തക സമിതി യോഗം വിളിച്ചുചേര്‍ക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ ചേരിപ്പോര് ശക്തമായിരിക്കുകയാണ്. പാര്‍ട്ടി ഭരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ഉണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടെ പഞ്ചാബ്, ജാര്‍ഖണ്ഡ് പിസിസി പ്രസിഡന്‍റുമാര്‍ കൂടി രാജിവെച്ചത് സംഘടനാ തലത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. 

പഞ്ചാബ് പിസിസി അധ്യക്ഷന്‍ സുനില്‍ ജാഖര്‍, ജാര്‍ഖണ്ഡിലെ അധ്യക്ഷന്‍ അജോയി കുമാര്‍, അസമിലെ പിസിസി അധ്യക്ഷന്‍ റിപുണ്‍ ബോറ എന്നിവരാണ് രാഹുല്‍ ഗാന്ധിക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. സിറ്റിങ് എംപിയായ സുനില്‍ ജാഖര്‍ ഗുരുദസാപൂരില്‍ മത്സരിച്ചെങ്കിലും ബിജെപിയുടെ സണ്ണി ഡിയോളിനോട് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്‍മാരും കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രചാരണ കമ്മറ്റി ചെയര്‍മാന്‍ എച്ച് കെ പാട്ടീലും രാജിവെച്ചത്.

നേതാക്കള്‍ ഓരോരുത്തരായി രാജി വയ്ക്കുന്നതിന് പുറമെ രാജസ്ഥാനിലും മധ്യപ്രദേശിലും പാര്‍ട്ടിക്ക് അകത്തുള്ള ചേരിപ്പോരുകള്‍ കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ഒഴിവാക്കി സച്ചിന്‍ പൈലറ്റിനെ തല്‍സ്ഥാനത്ത് നിയമിക്കണമെന്ന ആവശ്യം സംസ്ഥാന ഘടകം ശക്തമായി മുമ്പോട്ട് വയ്ക്കുന്നുണ്ട്. പ്രവര്‍ത്തക സമിതി യോഗത്തില്‍ ഗെലോട്ടിനെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചതിന് പിന്നാലെയാണ് മന്ത്രിമാരും ഗെലോട്ടിനെതിരെ രംഗത്തെത്തിയത്.

സംസ്ഥാന തലത്തില്‍ കരുത്തുറ്റ നേതാക്കളെ മുമ്പോട്ട് കൊണ്ടുവരണമെന്ന ജോതിരാദിത്യ സിന്ധ്യയുടെ ആവശ്യം മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെ ലക്ഷ്യം വച്ചാണ്. മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവായിരുന്ന രാധാകൃഷ്ണ വിഖൈ പാട്ടീലടക്കം അഞ്ച് എംഎല്‍എമാരാണ് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നത്. ഇതോടെ കോണ്‍ഗ്രസിന് നിയമസഭയിലെ പ്രതിപക്ഷ സ്ഥാനവും നഷ്ടമാകും. 

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടിയിലെ അസ്വാരസ്യങ്ങളും രാജിപ്രവാഹവും കോണ്‍ഗ്രസിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിനിടെ രാജി സന്നദ്ധത അറിയിച്ച രാഹുല്‍ ഗാന്ധിയുടെ തീരുമാനം പുനപരിശോധിക്കുന്നതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഈ ആഴ്ച വീണ്ടും ചേരും. രാഹുല്‍ തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍ പിന്‍ഗാമിയായി പാര്‍ട്ടിയെ നയിക്കാന്‍ ആരെയാണ് തെരഞ്ഞെടുക്കുക എന്ന ആകാംഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. 

click me!