കനയ്യകുമാറിന്‍റെ അനുയായിയുടെ കൊലപാതകം; ബീഹാറിൽ പ്രതിഷേധം ശക്തമാകുന്നു

By Web TeamFirst Published May 18, 2019, 7:31 PM IST
Highlights

വ്യാഴാഴ്ച വൈകീട്ടോടെ മഹാജി വില്ലേജിൽ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങവെ
ഫാഗോ താന്തിയെ  ഒരു സംഘം ആളുകൾ  തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് സഹോദരൻ രാമചന്ദ്ര താന്തി പൊലീസിന് മൊഴി നൽകി

പാറ്റന: ബീഹാറിലെ ബെഗുസരായി മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥി കനയ്യ കുമാറിന്‍റെ അനുയായി ഫാഗോ താന്തി  അജ്ഞാത സംഘത്തിന്‍റെ ക്രൂര മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.

കൊലപാതകത്തിന് പിന്നിൽ ബെഗുസരായിയിലെ ജന്മികളാണെന്ന് ബഛ്‍വാരയിലെ മുൻ എംഎൽഎയും സിപിഐ നേതാവുമായ അവധീഷ് റായ് ആരോപിച്ചു. കർഷകനായ ഫാഗോ താന്തി കനയ്യയ്ക്ക് വേണ്ടി  തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതിൽ സ്ഥലത്തെ ജന്മിമാർക്ക് കടുത്ത അമർഷമുണ്ടായിരുന്നു. ഇതിന്‍റെ പ്രതികാരമായി ഫാഗോ താന്തിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും അവധീഷ് റായ് ആരോപിച്ചു 

വ്യാഴാഴ്ച രാത്രിയാണ് സിപിഐ പ്രവർത്തകനും കർഷകനുമായ ഫാഗോ താന്തി ക്രൂരമായ മർദ്ദനമേറ്റ് മരിച്ചത്. ബഗുസരായി ജില്ലയിലെ മതിഹാനി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബവന്ത്പുരിന് സമീപത്ത് നിന്ന് രക്തത്തിൽ കുളിച്ച നിലയിൽ ഫാഗോ താന്തിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ബഗുസരായിയിലെ സർദാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വ്യാഴാഴ്ച വൈകീട്ടോടെ മഹാജി വില്ലേജിൽ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങവെ ഫാഗോ താന്തിയെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് സഹോദരൻ രാമചന്ദ്ര താന്തി പൊലീസിന് മൊഴി നൽകി. 

തട്ടിക്കൊണ്ട് പോയ വിവരം അറിയിച്ചിട്ടും ഊർജിതമായ അന്വേഷണം നടത്താൻ വൈകിയ പൊലീസിന്‍റെ കെടുകാര്യസ്ഥതയാണ് സഹോദരന്‍റെ മരണത്തിലേക്ക് നയിച്ചതെന്നും രാമചന്ദ്ര താന്തി ആരോപിച്ചു.

സംഭവത്തിൽ എഫ്ഐആ‌ർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മതിഹാനി പൊലീസ് അറിയിച്ചു. കനയ്യകുമാറിന്‍റെ പ്രശസ്ത മുദ്രവാക്യമായ 'ഹം ലേ കെ രഹേങ്കേ ആസാദി' എന്നെഴുതിയ ചുവന്ന ടി ഷർട്ടായിരുന്നു തട്ടിക്കൊണ്ട്പോയ സമയത്ത് ഫാഗോ താന്തി ധരിച്ചിരുന്നതെന്നും ഇയാൾ കനയ്യയ്ക്കായി സജീവമായി പ്രവർത്തിച്ചിരുന്നതായും പൊലീസ് അറിയിച്ചു.  കൊലപാതകത്തെ തുടർന്ന് ബെഗുസരായിയിലെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. 
 

click me!