
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ് രാജ്യത്തെ രാഷ്ട്രീയ പാർട്ടികളെല്ലാം. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലെ ഇത്തവണത്തെ പുതിയ താരമുഖമാണ് പ്രിയങ്ക ഗാന്ധി. ഇക്കുറി ആദ്യമായി രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്ത പ്രിയങ്കയുടെ പ്രധാന പ്രചാരണ രംഗം ഉത്തർപ്രദേശാണ്. എങ്കിലും മറ്റ് സംസ്ഥാനങ്ങളിലും അവരുടെ സാന്നിദ്ധ്യമുണ്ട്. ഹെലികോപ്റ്ററിൽ പറന്ന് നടന്നാണ് പ്രിയങ്കയുടെ പ്രചാരണ പരിപാടികൾ.
ഇന്നലെ ഉത്തർപ്രദേശിലെ ഫത്തേപൂർ സിക്രിയിൽ പ്രചാരണത്തിന് വന്ന പ്രിയങ്ക ഗാന്ധി ഏറെ സന്തോഷിച്ചത് ആൾക്കൂട്ടത്തെ കണ്ടിട്ടല്ല. മറിച്ച് ഒരു സ്ത്രീയെ കണ്ടാണ്. അവരാകട്ടെ കോൺഗ്രസ് പ്രവർത്തകയുമല്ല. പ്രിയങ്കാ ഗാന്ധിയുടെ യാത്രയ്ക്കായി എത്തിച്ച ഹെലികോപ്റ്ററിന്റെ പൈലറ്റായിരുന്നു ആ വനിത.
"എനിക്ക് ഈ ദിവസം വളരെയേറെ അഭിമാനം തോന്നുന്നു. ഒരു വനിതാ പൈലറ്റാണ് എന്റെയൊപ്പം. അതും ചോപ്പറിൽ," എന്നാണ് അവർ ട്വിറ്ററിൽ കുറിച്ചത്. വനിതാ പൈലറ്റിനൊപ്പമുള്ള സെൽഫിയും പ്രിയങ്ക ഗാന്ധി പങ്കുവച്ചു.
സ്ത്രീശാക്തീകരണം മുഖ്യചർച്ചാ വിഷയമായി ഉയർത്തിക്കാട്ടുന്ന പ്രിയങ്ക, തന്റെ ഹെലികോപ്റ്റർ പറത്തുന്നത് വനിതാ പൈലറ്റാണെന്നറിഞ്ഞ് വളരെയധികം സന്തോഷിച്ചു. 33 ശതമാനം വനിതാ സംവരണം പാർലമെന്ററി സ്ഥാനങ്ങളിൽ ഉറപ്പുനൽകുന്ന പ്രകടന പത്രികയാണ് കോൺഗ്രസിന്റേത്. സഹോദരന്മാരേ, സഹോദരികളേ എന്നതിന് പകരം സഹോദരിമാരേ സഹോദരന്മാരേ എന്നാണ് പ്രിയങ്ക തന്റെ പ്രസംഗത്തിന്റെ തുടക്കത്തിൽ പറയുന്നത്.