പൊന്നാനിയിലും എംഎല്‍എയെ ഇറക്കാന്‍ സിപിഎം ? അന്‍വറും അബ്ദു റഹ്മാനും പരിഗണനയില്‍

By Web TeamFirst Published Mar 6, 2019, 9:47 PM IST
Highlights

സ്ഥാനാര്‍ഥികളെ കണ്ടെത്താനായി ചേര്‍ന്ന പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ യോഗം ഇരുവരുടേയും പേരുകള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് മുന്‍പാകെ നിര്‍ദേശിച്ചു. ഇവരില്‍ ആരെങ്കിലും മത്സരിക്കുന്ന പക്ഷം തെരഞ്ഞെടുപ്പിനിറങ്ങുന്ന എല്‍ഡിഎഫ് എംഎല്‍എമാരുടെ എണ്ണം ആറാവും. 

മലപ്പുറം: പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയായി നിലന്പൂര്‍ എംഎല്‍എ പിവി അന്‍വറിനേയും, താനൂര്‍ എംഎല്‍എ വി. അബ്ദുറഹ്മാന്‍റേയും പേരുകള്‍ സിപിഎം പരിഗണിക്കുന്നു. സ്ഥാനാര്‍ഥികളെ കണ്ടെത്താനായി ചേര്‍ന്ന പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ യോഗം ഇരുവരുടേയും പേരുകള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് മുന്‍പാകെ നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടാവും. 

2011-ല്‍ ഏറനാട് മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച അന്‍വര്‍ അവിടെ എല്ലാവരേയും അത്ഭുതപ്പെടുത്തി കൊണ്ട് രണ്ടാം സ്ഥാനം നേടിയിരുന്നു. 2016-ല്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച അന്‍വര്‍ നിലന്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തിയാണ് എംഎല്‍എയായത്. 

2014-ല്‍ ഇടത് സ്വന്തന്ത്രനായി പൊന്നാനിയില്‍ മത്സരിച്ച ആളാണ് വി.അബ്ദുറഹ്മാന്‍. 25,410 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അന്ന് അബ്ദു റഹ്മാന്‍ മുസീംലീഗിലെ ഇടി മുഹമ്മദ് ബഷീറിനോട് പരാജയപ്പെട്ടത്. മുന്‍ കോണ്‍ഗ്രസ് നേതാവായ അബ്ദുറഹ്മാന് പൊന്നാനിയിലെ കോണ്‍ഗ്രസ് വോട്ടുകള്‍ ആകര്‍ഷിക്കാന്‍ സാധിക്കും എന്നാണ് സിപിഎം കണക്കുകൂട്ടല്‍. ഇടി മുഹമ്മദ് ബഷീറും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നതകളും ഇക്കാര്യത്തില്‍ സിപിഎമ്മിന് പ്രതീക്ഷയേക്കുന്നു. 

click me!