പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ഇന്നസെന്റ്; വെട്ടിലായി സിപിഎം സംസ്ഥാന നേ‍തൃത്വം

Published : Mar 06, 2019, 07:16 PM ISTUpdated : Mar 06, 2019, 07:36 PM IST
പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ഇന്നസെന്റ്; വെട്ടിലായി സിപിഎം സംസ്ഥാന നേ‍തൃത്വം

Synopsis

ഇന്നസെന്‍റ് മൽസരിച്ചാൽ അതിന്‍റെ ഉത്തരവാദിത്വം സംസ്ഥാന നേ‍തൃത്വത്തിനായിരിക്കുമെന്ന് പറഞ്ഞ് സിപിഎം പാർലമെന്‍റ് കമ്മിറ്റി കയ്യൊഴിഞ്ഞതിന് പിന്നാലെയാണ് സിറ്റിങ് എംപിയുടെ പ്രതികരണം

കൊച്ചി: പാർട്ടി പറഞ്ഞാൽ എന്തും ചെയ്യുമെന്ന് ഇന്നസെന്റ്. പാര്‍ട്ടി മത്സരിക്കണ്ട എന്നു പറഞ്ഞാൽ മത്സരിക്കില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. ചാലക്കുടി പാർലമെന്റ് മണ്ഡലം കമ്മറ്റിയിൽ തന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ഉയര്‍ന്ന എതിർപ്പിനെ കുറിച്ച് അറിയില്ലെന്നും ഇന്നസെന്റ് പ്രതികരിച്ചു. ഇന്നസെന്‍റ് മൽസരിച്ചാൽ അതിന്‍റെ ഉത്തരവാദിത്വം സംസ്ഥാന നേ‍തൃത്വത്തിനായിരിക്കുമെന്ന് പറഞ്ഞ് സിപിഎം പാർലമെന്‍റ് കമ്മിറ്റി കയ്യൊഴിഞ്ഞതിന് പിന്നാലെയാണ് സിറ്റിങ് എംപിയുടെ പ്രതികരണം. 

സംസ്ഥാനത്തെ മറ്റൊരു ഇടത് സിറ്റിങ് എം പി.യും നേരിടാത്ത പ്രതിസന്ധിയാണ് ചാലക്കുടിയിൽ ഇത്തവണ ഇന്നസെന്‍റ് നേരിടുന്നത്. ഇന്നസെന്‍റ് മൽസരിച്ചാൽ അതിന്‍റെ ഉത്തരവാദിത്വം സംസ്ഥാന നേ‍തൃത്വത്തിനായിരിക്കുമെന്ന് പറഞ്ഞ് സിപിഎം പാർലമെന്‍റ് കമ്മിറ്റി കയ്യൊഴിഞ്ഞതോടെയാണ് സിറ്റിങ് എംപിയുടെ രണ്ടാമങ്കം തുലാസിലായത്. ആദ്യമൊക്കെ മൽസരിക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് മനംമാറ്റമുണ്ടായ ഇന്നസെന്‍റുപോലും ഇതുപോലൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല. അഞ്ചുവ‍ർഷം മുമ്പ് തന്നെ തൊളോത്തെടുച്ചുവച്ചു നടന്നവർ തന്നെയാണ് ഇത്തവണ തളളിത്താഴെയിട്ടത്.  എന്നാൽ ഇന്നസെന്‍റിന്‍റെ ജനപ്രീതിയിലുണ്ടായ ഇടിവാണ് ഇത്തരമൊരു കടുംകൈയ്ക്ക് തങ്ങളെ പ്രേരിപ്പിച്ചതെന്ന് സിപിഎം നേതാക്കൾ രഹസ്യമായി പറയുന്നു.

ഇന്നസെന്‍റ് വീണ്ടും മൽസരിച്ചാൽ ചാലക്കുടി നിലനിർത്തേണ്ടത് സിപിഎം പാർലമെന്‍റ് കമ്മിറ്റിയുടെ ബാധ്യതയാണ്. അക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് ഉറപ്പുകൊടുക്കാൻ തങ്ങളെക്കൊണ്ട് ആകില്ല. ആ ഉത്തരവാദിത്വവും ചുമലിലേറ്റാനാകില്ല. അതുകൊണ്ടാണ് യോഗത്തിൽ തുറന്നു പറഞ്ഞത്. കഴിഞ്ഞ 5 വ‍ർഷം കൊണ്ട് 1750 കോടി രൂപയുടെ വികസനം മണ്ഡലത്തിൽ നടപ്പാക്കിയെന്ന്  സിപിഎം തന്നെ സമ്മതിക്കുന്നു. എന്നാൽ എം പിയുടെ മണ്ഡലത്തിലെ അസാന്നിധ്യമാണ് ജനപ്രീതി ഇടിയാൻ ഇടയാക്കിയത്. പ്രത്യേകിച്ചും പ്രളയകാലത്ത്. ഇത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നാണ് പ്രാദേശിക സിപിഎം നിലപാട്.  

ഇന്നസെന്‍റിന്‍റെ കാര്യത്തിൽ സിപിഎം സംസ്ഥാന നേ‍തൃത്വമാണ് ഇപ്പോൾ കൂടുതൽ വെട്ടിലായിരിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ച ഇന്നസെന്‍റിനെ കൂടാതെ പി രാജീവിനേയും സാജുപോളിനേയുമാണ് ചാലക്കുടി പാർലമെന്‍റ് കമ്മിറ്റി നിർ‍ദേശിച്ചിരിക്കുന്നത് . എന്നാൽ എറണാകുളത്ത് പി രാജീവിന്‍റെ പേര് മാത്രമാണ് ചിത്രത്തിലുളളത്. ഇന്നെസന്‍റിനെ മാറ്റിയാൽ സിറ്റിങ് എം പി.യുടെ പരാജയമെന്ന് വിമർശനമുയരും. മൽസരിപ്പിച്ചാൽ സംസ്ഥാന നേതൃത്വത്തിന്‍റെ സ്ഥാനാർഥിയായി മുദ്രകുത്തപ്പെടുമെന്നതാണ് നിലവിലെ സാഹചര്യം. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?