
പൊന്നാനി: പ്രതീക്ഷയല്ല വിജയം ഉറപ്പിച്ചു കഴിഞ്ഞെന്ന് പൊന്നാനിയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി പി വി അൻവർ. 2004 ൽ മഞ്ചേരിയിൽ മുസ്ലീം ലീഗിനെ അട്ടിമറിച്ചത് പോലെ ഇക്കുറി പൊന്നാനിയിലും ഇടതുമുന്നണി അട്ടിമറി വിജയം നേടുമെന്നും പി വി അൻവർ പറഞ്ഞു.
നിരവധി ആരോപണങ്ങള്‍ക്കും കേസുകള്‍ക്കും ഇടയില്‍ പി വി അൻവര്‍ എംഎല്‍എയെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് ഇക്കുറി പൊന്നാനി ശ്രദ്ധേയമായത്. പ്രചാരണത്തിന്‍റെ തുടക്കം മുതല്‍ വിവാദങ്ങളും അൻവറിനെ പിന്തുടര്‍ന്നു. യുഡിഎഫുമായി നേര്‍ക്കുനേര്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഒരു കൈ സഹായത്തിന് തന്നെ വിജയിപ്പിക്കണമെന്ന പ്രസ്താവന മുതല്‍ പൊന്നാനിയില്‍ തോറ്റാല്‍ നിലമ്പൂരിലെ എംഎല്‍എ സ്ഥാനം രാജിവക്കും എന്നത് വരെയുള്ള അൻവറിന്‍റെ ഒട്ടുമിക്ക പ്രസംഗങ്ങളും പല തരത്തിലുള്ള വിവാദത്തിലാണ് അവസാനിച്ചത്. ഇതിനിടയിലും പരമ്പരാഗത ഇടതു വോട്ടുകള്‍ക്കു പുറമേ കോൺഗ്രസ് വോട്ടുകളില്‍ കൂടി കണ്ണുവച്ചാണ് അവസാന ഘട്ടത്തില്‍ പി വി അൻവര്‍ പ്രചാരണം ശക്തമാക്കിയിട്ടുള്ളത്.