
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് തിരുവനന്തപുരത്തെത്തുന്ന രാഹുൽ നാളെ പൊതു പരിപാടികളിൽ പങ്കെടുക്കും. പത്തനാപുരം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലെ പൊതുപരിപാടികളിൽ നാളെ പ്രസംഗിക്കും.
17ന് കണ്ണൂരിൽ മൂന്ന് വടക്കൻ ജില്ലകളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് വയനാടിലേക്ക് തെരഞ്ഞെടുപ്പ് പര്യടനത്തിനായി പോകുന്ന രാഹുല്‍ ഗാന്ധി രാവിലെ ബത്തേരിയിലും, തിരുവന്പാടിയിലും നടക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും. വണ്ടൂരിലേയും തൃത്താലയിലേയും പരിപാടികളിൽ പങ്കെടുത്ത ശേഷം 17ന് രാത്രിയോടെ തിരിച്ച് പോകും.
നേരത്തെ, പത്തനാപുരത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പ് കൺവെൻഷന് ആദ്യം അനുമതി നിഷേധിച്ചിരുന്നു. പത്തനാപുരം സെന്‍റ് സ്റ്റീഫന്‍സ് സ്കൂൾ ഗ്രൗണ്ടാണ് വേദിയായി നിശ്ചയിച്ചിരുന്നത്.
ഇവിടം പോളിംഗ് സ്റ്റേഷന്‍ ആണെന്നും 16 ന് പരിശീലന പരിപാടി വച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യം അനുമതി നിഷേധിച്ചത്. സമ്മേളനത്തിന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ആദ്യം അനുമതി നിഷേധിച്ചെങ്കിലും പിന്നീട് അനുമതി നല്‍കുകയായിരുന്നു.