മോദിയെന്ന് പേരുള്ള എല്ലാവരെയും അപമാനിച്ചു; രാഹുലിനെതിരെ അപകീർത്തികേസുമായി സുശീല്‍ കുമാര്‍ മോദി

By Web TeamFirst Published Apr 16, 2019, 6:18 PM IST
Highlights

ശനിയാഴ്ച കർണാടക​യിലെ കോലാറിൽ വച്ച് നടന്ന തെരഞ്ഞടുപ്പ് റാലിയിലാണ് എല്ലാ കള്ളൻമാരുടേയും പേരിൽ 'മോദി' എന്നുണ്ടെന്ന് മോദിയെ പരിഹസിച്ചുകൊണ്ട് രാഹുൽ പറഞ്ഞത്.

പാറ്റ്ന: കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിക്കെതിരെ അപകീർത്തികേസുമായി ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. എല്ലാ കള്ളന്മാരുടെയും പേരിന് പിന്നാലെ മോദി എന്ന് വരുന്നുവെന്ന് കഴിഞ്ഞ ദിവസം രാഹുൽ ​ഗാന്ധി പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി സുശീല്‍ കുമാര്‍ കോടതിയെ സമീപിക്കുന്നത്.

അധിക്ഷേപ പരാമർശം നടത്തിയതിനു പുറമേ വികാരം വ്രണപ്പെടുത്തുക കൂടിയാണ് രാഹുല്‍ ചെയ്തതെന്നും സുശീല്‍ കുമാര്‍ പറഞ്ഞു. ചൗക്കിദാര്‍ ചോര്‍ഹെ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന രാഹുലിന്റെ പരാമര്‍ശത്തെയും രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചു. പാറ്റ്ന കോടതിയില്‍ എത്രയും വേഗം കേസ് നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്  പറഞ്ഞു.

ശനിയാഴ്ച കർണാടക​യിലെ കോലാറിൽ വച്ച് നടന്ന തെരഞ്ഞടുപ്പ് റാലിയിലാണ് എല്ലാ കള്ളൻമാരുടേയും പേരിൽ 'മോദി' എന്നുണ്ടെന്ന് മോദിയെ പരിഹസിച്ചുകൊണ്ട് രാഹുൽ പറഞ്ഞത്. 'എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. നീരവ് മോദി, ലളിത് മോദി അല്ലെങ്കിൽ നരേന്ദ്ര മോദി, എന്തുകൊണ്ടാണ് എല്ലാ കള്ളൻമാരുടേയും പേരിൽ 'മോദി' എന്നുള്ളത്. ഇനിയും എത്ര മോദിമാർ വരുമെന്ന് നമുക്കറിയില്ല',എന്നായിരുന്നു റാലിയെ അഭിസംബോധന ചെയ്ത് രാഹുൽ പറഞ്ഞത്.

ബാങ്കിൽനിന്ന് കോടികൾ വായ്പ എടുത്ത് തിരിച്ചടയ്ക്കാത്ത അനിൽ അംബാനി, നീരവ് മോദി എന്നിവരെ പോലുള്ള ബിസിനസുകാർക്കെതിരേ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. എന്നാൽ വായ്പ എടുത്ത് തിരിച്ചടയ്ക്കാൻ കഴിയാത്ത കർഷകരെ ജയിലിലടയ്ക്കും. അനിൽ അംബാനിയുടെ പണം രാജ്യത്തെ പാവപ്പെട്ടവർ‌ക്ക് വിതരണം ചെയ്യണമെന്നും രാഹുല്‍ പറഞ്ഞിരുന്നു.
 

click me!