അമേഠിയില്‍ ഒരിക്കലും നേരിടേണ്ടിവന്നിട്ടില്ലാത്ത ഒരു 'വെല്ലുവിളി' രാഹുല്‍ഗാന്ധിയെ കാത്ത് വയനാട്ടിലുണ്ടാകും!

Published : Apr 03, 2019, 07:37 PM ISTUpdated : Apr 03, 2019, 07:38 PM IST
അമേഠിയില്‍ ഒരിക്കലും നേരിടേണ്ടിവന്നിട്ടില്ലാത്ത ഒരു 'വെല്ലുവിളി' രാഹുല്‍ഗാന്ധിയെ കാത്ത് വയനാട്ടിലുണ്ടാകും!

Synopsis

അമേഠിയില്‍ നിന്ന് മൂന്ന് തവണ ലോക് സഭയിലേക്ക് മത്സരിച്ചപ്പോഴും രാഹുലിന് അപരനോട് ഏറ്റുമുട്ടേണ്ടിവന്നിട്ടില്ല. അമേഠിയില്‍ ഇക്കുറിയും അങ്ങനെയൊരു എതിരാളിയെ നേരിടേണ്ടി വരില്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍

കല്‍പറ്റ: രാജ്യശ്രദ്ധയാകര്‍ഷിക്കുന്ന പോരാട്ടത്തിന് പത്രിക സമര്‍പ്പിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടിലേക്ക് എത്തുകയാണ്. പത്രിക സമര്‍പ്പണത്തിന്‍റെ അവസാനം ദിനത്തില്‍ രാഹുല്‍ എത്തുമ്പോള്‍ അമേഠിയില്‍ ഒരിക്കലും നേരിടേണ്ടിവന്നിട്ടില്ലാത്ത ഒരു വെല്ലുവിളി കാത്തിരിക്കുന്നുണ്ടാകുമെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. മറ്റൊന്നുമല്ല, തെരഞ്ഞെടുപ്പില്‍ പ്രമുഖ സ്ഥാനാര്‍ത്ഥികളെ എന്നും ഭയപ്പെടുത്തുന്ന അപരന്‍റെ സാന്നിധ്യം രാഹുലും നേരിടേണ്ടിവരുമെന്നാണ് സൂചന.

അമേഠിയില്‍ നിന്ന് മൂന്ന് തവണ ലോക് സഭയിലേക്ക് മത്സരിച്ചപ്പോഴും രാഹുലിന് അപരനോട് ഏറ്റുമുട്ടേണ്ടിവന്നിട്ടില്ല. അമേഠിയില്‍ ഇക്കുറിയും അങ്ങനെയൊരു എതിരാളിയെ നേരിടേണ്ടി വരില്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വയനാട്ടിലെ പോരാട്ടം കടുപ്പിക്കാന്‍ കച്ചമുറുക്കുന്ന ഇടതു മുന്നണി പുത്തന്‍ തന്ത്രങ്ങള്‍ ആലോചിക്കുകയാണ്. അതിന്‍റെ ഭാഗമായാണ് അപരനെ രംഗത്തെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആലപ്പുഴയില്‍ സുധീരനെയടക്കം അപരന്‍മാര്‍ വീഴ്ത്തിയ ചരിത്രമുള്ള കേരള മണ്ണില്‍ രാഹുലും അതേ വെല്ലുവിളി നേരിടേണ്ടി വരും. രാഹുല്‍ ഗാന്ധി കെ ഇ എന്ന പേരുള്ള യുവാവാണ് വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍റെ അപരായെത്തുക. ഇയാള്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പേരിലുള്ള ഇനിഷ്യല്‍ നീക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം പത്രിക സമര്‍പ്പണത്തിനായി രാത്രി എട്ട് മണിയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ഇന്ന് തങ്ങുക. സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും പിന്നാലെ കോഴിക്കോട്ടെത്തും. ഇരുവരുടെയും സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് വയനാട്ടിലും കോഴിക്കോട്ടും ഒരുക്കിയിരിക്കുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തുന്ന സാഹചര്യത്തിൽ കോഴിക്കോട് ഗസ്റ്റ് ഹൗസിന്‍റെ നിയന്ത്രണം എസ്‍പിജി ഏറ്റെടുത്തിട്ടുണ്ട്.

നാളെ രാവിലെ റോഡ് മാര്‍ഗ്ഗം വയനാട്ടിലെത്തണമെന്ന കോൺഗ്രസ് നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളിയിട്ടുണ്ട്. ചുരം കയറി പോകുന്ന റോഡിൽ രാഹുലിന് സുരക്ഷയൊരുക്കുന്നത് പ്രായോഗികമല്ലെന്നാണ് വിശദീകരണം. ഇതോടെ യാത്ര ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാക്കിയിട്ടുണ്ട്. പതിനൊന്ന് മണിയോടെ കൽപ്പറ്റയിലെ എകെഎംജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്റര്‍ ഇറക്കാനാണ് തീരുമാനം. ഇതിന് വേണ്ടി മൈതാനം സജ്ജമാക്കുന്ന തിരക്കിലാണ് ജില്ലാ ഭരണകൂടവും സുരക്ഷാ ഉദ്യോഗസ്ഥരും. ജെസിബി ഉയോഗിച്ച് മൈതാനം നിരപ്പാക്കുന്ന പണികളെല്ലാം പുരോഗമിക്കുകയാണ്. ഇതിന് പുറമെ പുത്തൂര്‍ വയൽ എആര്‍ ക്യാമ്പ്  ഗ്രൗണ്ടിലും ബത്തേരി സെന്‍റ്മേരീസ് കോളേജ് ഗ്രൗണ്ടിലും കൂടി ഹെലികോപ്റ്റര്‍ ഇറക്കാനുള്ള സൗകര്യം ഒരുക്കാനും എസ്പിജി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?