എ വിജയരാഘവനെതിരെ വിഎസ്, പരാമർശം അനുചിതം; യുഡിഎഫ് മലർന്നു കിടന്ന് തുപ്പുന്നെന്നും വിമർശനം

Published : Apr 03, 2019, 07:24 PM ISTUpdated : Apr 03, 2019, 07:28 PM IST
എ വിജയരാഘവനെതിരെ വിഎസ്, പരാമർശം അനുചിതം; യുഡിഎഫ് മലർന്നു കിടന്ന് തുപ്പുന്നെന്നും വിമർശനം

Synopsis

പരാമര്‍ശം അനുചിതമായി എന്ന അഭിപ്രായം തന്നെയാണുള്ളതെന്ന് പറഞ്ഞ വിഎസ് എൽഡിഎഫ് കൺവീനർ ഇക്കാര്യങ്ങളിൽ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ആലത്തൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരായ എ വിജയരാഘവന്‍റെ പരാമർശം അനുചിതമെന്ന് വി എസ് അച്യുതാനന്ദൻ. ഇത്തരം കാര്യങ്ങളിൽ LDF കൺവീനർ കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്ന് വി എസ് ഫേസ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു. ഇത് തെരഞ്ഞെടുപ്പ് വിഷയമാക്കാനാണ് യുഡിഎഫിന്റെ ശ്രമമെന്ന് പറഞ്ഞ വിഎസ്. യുഡിഎഫ് ചെയ്യുന്നത് മലർന്നുകിടന്ന് തുപ്പുന്ന പ്രവൃത്തയാണെന്നും ആരോപിച്ചു. 

പ്രസംഗമദ്ധ്യേ ആണെങ്കില്‍പ്പോലും, അദ്ദേഹത്തിന്‍റെ പരാമര്‍ശം അനുചിതമായി എന്ന അഭിപ്രായംതന്നെയാണുള്ളതെന്ന് വി എസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. എൽഡിഎഫ് കൺവീനർ ഇക്കാര്യങ്ങളിൽ കൂടുതൽ ജാഗ്രത കാണിക്കണമെന്ന ആവശ്യപ്പെട്ട വി എസ് ഒരു വ്യക്തിയെ കാണാന്‍ ഒരു സ്ത്രീ പോയി എന്ന പരാമര്‍ശം ആ സ്ത്രീക്ക് മാനഹാനിയുണ്ടാക്കുമെന്ന് യുഡിഎഫുകാര്‍തന്നെ പറയുമ്പോള്‍ വാസ്തവത്തില്‍ ആ വ്യക്തിക്കല്ലേ മാനഹാനിയുണ്ടാവേണ്ടത് എന്നും ചോദിക്കുന്നു.

മറ്റുള്ളവരുടെ പ്രസംഗവാക്യങ്ങള്‍ വ്യാഖ്യാനിച്ചെടുക്കുമ്പോള്‍ ആശയക്കുഴപ്പമുണ്ടാവാതെ നോക്കാന്‍ യുഡിഎഫ് നേതാക്കളും ശ്രദ്ധിക്കണമെന്ന് ഉപദേശിച്ച വിഎസ്. അല്ലാത്ത പക്ഷം, മലര്‍ന്നുകിടന്ന് തുപ്പുന്നതുപോലെയായിത്തീരുമെന്നും തെരഞ്ഞെടുപ്പ് രംഗത്ത് നടക്കേണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ വഴിമാറിപ്പോവുകയും ചെയ്യുമെന്നും മുന്നറിയിപ്പ് നൽകുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

പഴയ ഐസ്ക്രീം പാര്‍ലര്‍ കേസ് ഏത് രീതിയില്‍ അട്ടിമറിച്ചു എന്നതിന്‍റെ നാള്‍വഴികള്‍ വെളിപ്പെടുത്തലുകളായും, മൊഴികളായും കുറ്റസമ്മതമായും നമ്മള്‍‌ അറിഞ്ഞതാണ്. ആ അട്ടിമറിയെക്കുറിച്ചുള്ള അന്വേഷണവും വഴിമുട്ടിയപ്പോഴാണ് ഞാന്‍ കോടതിയെ സമീപിച്ചത്.

ആ കേസ് ഇപ്പോഴും അവസാനിച്ചിട്ടില്ല. കോഴിക്കോട് കോടതി മുതല്‍ സുപ്രീംകോടതി വരെ പോയി, അവസാനം ഇപ്പോള്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പരിഗണനയിലാണ് ആ കേസ്. അതിനാല്‍ കേസിന്‍റെ വിശദാംശങ്ങള്‍ പറയുന്നില്ല. അടുത്ത ദിവസം കേസ് ഹൈക്കോടതി പരിഗണനയ്ക്ക് വെച്ചിരിക്കുകയാണ്. ഈ കേസ് അട്ടിമറിക്കാനും അന്വേഷണം വഴിമുട്ടിക്കാനുമാണ് യുഡിഎഫ് ഇന്നോളവും ശ്രമിച്ചിട്ടുള്ളത്. ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണ് യുഡിഎഫ് അതിവേഗം ബഹുദൂരം സഞ്ചരിച്ചത്. കുറ്റസമ്മതം നടത്തിയ ആളും, അതിലൂടെ വെളിപ്പെടുത്തപ്പെട്ട പ്രതിയും നിരപരാധികളാണ് എന്നാണല്ലോ, അവരുടെ വാദം,

ഇതിപ്പോള്‍ പറയാന്‍ കാരണമുണ്ട്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മാനഹാനിയുണ്ടാക്കുംവിധം എല്‍ഡിഎഫ് കണ്‍വീനറുടെ ഭാഗത്തുനിന്ന് പ്രസംഗ പരാമര്‍ശമുണ്ടായി എന്ന വിവാദം നടക്കുകയാണ്. പ്രസംഗമദ്ധ്യേ ആണെങ്കില്‍പ്പോലും, അദ്ദേഹത്തിന്‍റെ പരാമര്‍ശം അനുചിതമായി എന്ന അഭിപ്രായംതന്നെയാണുള്ളത്, എന്നാല്‍, യുഡിഎഫുകാര്‍ ഇതൊരു തെരഞ്ഞെടുപ്പ് വിഷയമാക്കാനുള്ള പുറപ്പാടിലാണ്.

പാണക്കാട് തങ്ങളെ കാണാന്‍ പോയി എന്ന പരാമര്‍ശമല്ല, കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയി എന്ന പരാമര്‍ശമാണ് മാനഹാനിയുണ്ടാക്കിയതെങ്കില്‍ ആ പരാമര്‍ശം ഗൗരവമുള്ളതുതന്നെയാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. എന്നാല്‍, ഒരു വ്യക്തിയെ കാണാന്‍ ഒരു സ്ത്രീ പോയി എന്ന പരാമര്‍ശം ആ സ്ത്രീക്ക് മാനഹാനിയുണ്ടാക്കുമെന്ന് യുഡിഎഫുകാര്‍തന്നെ പറയുമ്പോള്‍ വാസ്തവത്തില്‍ ആ വ്യക്തിക്കല്ലേ മാനഹാനിയുണ്ടാവേണ്ടത്?

മറ്റുള്ളവരുടെ പ്രസംഗവാക്യങ്ങള്‍ ഇങ്ങനെയൊക്കെ വ്യാഖ്യാനിച്ചെടുക്കുമ്പോള്‍ ഇത്തരം ആശയക്കുഴപ്പമുണ്ടാവാതെ നോക്കാന്‍ യുഡിഎഫ് നേതാക്കളും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം, മലര്‍ന്നുകിടന്ന് തുപ്പുന്നതുപോലെയായിത്തീരും. തെരഞ്ഞെടുപ്പ് രംഗത്ത് നടക്കേണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ വഴിമാറിപ്പോവുകയും ചെയ്യും.

 

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?