രാഹുലിന്റെ ലക്ഷ്യം പ്രധാനമന്ത്രി പദമല്ല മറിച്ച് മോദിയുടെ പരാജയമാണ്; ശരത് പവാർ

By Web TeamFirst Published Apr 11, 2019, 9:07 AM IST
Highlights

രാജ്യത്തിന്റെ വികസനത്തിന് ചെയ്ത കാര്യങ്ങൾ എടുത്തുകാട്ടാൻ ഇല്ലാത്തതിനാലാണ്  ദേശീയതയുടേയും, ഹിന്ദുത്വതയുടേയും, ബാലാക്കോട്ട് വ്യോമാക്രമണത്തിന്റേയും പേരിൽ മോദി സർക്കാർ വോട്ടു ചോദിക്കുന്നതെന്നും പവാർ കുറ്റപ്പെടുത്തി. 

ദില്ലി: കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി പ്രധാനമന്ത്രി പദത്തിനുവേണ്ടിയല്ല മത്സരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ലക്ഷ്യം നരേന്ദ്രമോദിയുടെ പരാജയമാണെന്നും എൻസിപി അധ്യക്ഷൻ ശരത് പവാർ. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നൂറിലധികം സീറ്റുകൾ നേടുമെന്നും പവാർ അവകാശപ്പെട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഇതര പ്രതിപക്ഷ സഖ്യം സർക്കാർ രൂപീകരിക്കുമെന്നും ശരത് പവാർ പറഞ്ഞു. രാഹുൽ ​ഗാന്ധിയെ കഴിവില്ലാത്ത നേതാവായി ചിത്രീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാൽ അത് സത്യമാണെങ്കിൽ ബിജെപി നേതാക്കളുടെ പ്രസംഗങ്ങളിൽ രാഹുൽ ​ഗാന്ധി ഒരു അഭിവാജ്യഘടകമാകുന്നതെങ്ങനെയെന്നും  പവാർ ചോദിച്ചു.

രാജ്യത്തിന്റെ വികസനത്തിന് ചെയ്ത കാര്യങ്ങൾ എടുത്തുകാട്ടാൻ ഇല്ലാത്തതിനാലാണ്  ദേശീയതയുടേയും ഹിന്ദുത്വത്തിന്‍റെയും ബാലാക്കോട്ട് വ്യോമാക്രമണത്തിന്റേയും പേരിൽ മോദി സർക്കാർ വോട്ടു ചോദിക്കുന്നതെന്നും പവാർ കുറ്റപ്പെടുത്തി. ഉത്തർപ്രദേശിൽ കോൺ​ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്നത് ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകൾ ഇല്ലാതാക്കുമെന്നും ഇത് തങ്ങൾക്ക് ഉപകാരപ്രദമാകുമെന്ന് ബിഎസ്പി നേതാക്കള്‍ തന്നോട് പറഞ്ഞതായും പവാര്‍ പറഞ്ഞു.

ഒരു പക്ഷേ ലോക്സഭാ തെഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയേക്കുമെന്നും എന്നാൽ ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കുന്നതിനുള്ള എണ്ണം അവർക്കുണ്ടാവില്ലെന്നും ശരത് പവാർ പറഞ്ഞു.

 

click me!