
വയനാട്: കോഴിക്കോട്ടുനിന്ന് വയനാട്ടിലെ കൽപ്പറ്റയിൽ ഉള്ള എസ്കെ എംജം സ്കൂൾ ഗ്രൗണ്ടിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധി കളക്ട്രേറ്റിലേക്ക് പോയത് തുറന്ന വാഹനത്തിൽ. പ്രവര്‍ത്തകരുടെ ആവേശവും മണിക്കൂറുകളായി കാത്തു നിൽക്കുന്ന പ്രവര്‍ത്തകരുടെ വികാരവും എല്ലാം കണക്കിലെടുത്താണ് യാത്ര തുറന്ന ജീപ്പിലാക്കിയത്. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും അടക്കം മുതിര്‍ന്ന കോൺഗ്രസ് നേതാക്കളും പികെ കുഞ്ഞാലിക്കുട്ടി അടക്കം ലീഗ് നേതാക്കളും തുറന്ന വാഹനത്തിൽ കയറിയാണ് കളക്ട്രേറ്റിലേക്ക് പോയത്.
രാവിലെ മുതൽ തന്നെ വയനാട് നഗരം യുഡിഎഫ് പ്രവര്‍ത്തകര്‍ കയ്യടക്കിയിരുന്നു. റോഡിനിരുവശവും പ്രവര്‍ത്തകര്‍ തിങ്ങി നിറഞ്ഞു. തുറന്ന വാഹനം കടന്ന് പോകുമ്പോൾ ബാരിക്കേഡുകൾ മറച്ചിട്ട് പ്രവര്‍ത്തകര്‍ റോഡിലേക്കെത്തുന്ന കാഴ്ചയായിരുന്നു വയനാട് നഗരത്തിൽ ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങൾക്കെല്ലാം അപ്പുറം ആവേശം പോകുന്ന അവസ്ഥയായിരുന്നു പലപ്പോഴും.
ഒരു കിലോമീറ്ററിലും താഴെ ദൂരമാണ് ഗ്രൗണ്ടിൽ നിന്ന് കളക്ട്രേറ്റിലേക്ക് ഉള്ളത്. വളരെ പതുക്കെയാണ് രാഹുൽ കയറിയ വാഹനം കളട്ക്രേറ്റിലേക്ക് നീങ്ങുന്നത്. അത്ര വലിയ തിരക്കാണ് വയനാട് നഗരത്തിൽ ഉള്ളത്. പൊതു ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരുമെല്ലാം റോഡിൽ തിങ്ങി നിറഞ്ഞ് നിൽക്കുന്ന അവസ്ഥയാണ്.
വാഹനം കൂടെകൂടെ നിര്‍ത്തി ആളുകൾക്കെല്ലാം കൈ കൊടുത്താണ് രാഹുൽ ഗാന്ധി കളക്ട്രേറ്റിലേക്ക് നീങ്ങുന്നത്. റോഡ് ഷോ നടക്കുന്ന രണ്ടര കിലോമീറ്ററിലും ആളുകൾ തിങ്ങി നിറങ്ങ് നിൽക്കുന്ന അവസ്ഥയാണിപ്പോൾ.
രണ്ട് സെറ്റ് പത്രികകളാണ് രാഹുൽ ഗാന്ധി നൽകുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അടക്കമുള്ള നേതാക്കൾ കളക്ട്രേറ്റിലും രാഹുൽ ഗാന്ധിയെ കാത്തു നിൽക്കുന്നുണ്ട്.നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന് ശേഷം രാഹുൽ ഗാന്ധി പങ്കെടുക്കുന്ന റോഡ് ഷോയും ഉണ്ട്. ഇതോടെ വയനാട് മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഔദ്യോഗിക തുടക്കമാകും.