ആം ആദ്മിയുമായി കൈകോർക്കാൻ രാഹുൽ ​ഗാന്ധി വിസമ്മതിച്ചുവെന്ന് അരവിന്ദ് കെജ്രിവാൾ

By Web TeamFirst Published Apr 1, 2019, 12:16 PM IST
Highlights

എഎപിയുമായി സഖ്യത്തിനില്ലെന്ന് ദില്ലി പ്രദേശ് കോൺ​ഗ്രസ് അധ്യക്ഷ ഷീലാ ദിക്ഷിത്തിന്റെ പരാമർശത്തെ പറ്റി ചോദിച്ചപ്പോൾ അവർ പ്രധാനപ്പെട്ട നേതാവല്ലെന്നായിരുന്നു കെജ്രിവാളിന്റെ മറുപടി.

ദില്ലി: കോൺ​ഗ്രസ് ആംആദ്മി സംഖ്യത്തിന് രാഹുൽ ​ഗാന്ധി വിസമ്മതിച്ചെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വിശാഖപട്ടണത്തെ വിമാനത്താവളത്തിൽ  മാധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്നും എന്നാൽ അദ്ദേഹം സഖ്യത്തിന് വിസമ്മതിച്ചതായും കെജ്രിവാൾ മാധ്യപ്രവർത്തകരോട് പറഞ്ഞു.

എഎപിയുമായി സഖ്യത്തിനില്ലെന്ന് ദില്ലി പ്രദേശ് കോൺ​ഗ്രസ് അധ്യക്ഷ ഷീലാ ദിക്ഷിത്തിന്റെ പരാമർശത്തെ പറ്റി ചോദിച്ചപ്പോൾ അവർ പ്രധാനപ്പെട്ട നേതാവല്ലെന്നായിരുന്നു കെജ്രിവാളിന്റെ മറുപടി. ബിജെപിയെ അധികാരത്തിൽ നിന്നും തുടച്ചു നീക്കാൻ ദില്ലിയിൽ സഖ്യം അനിവാര്യമാണെന്ന് കെജ്രിവാൾ മുൻപേ അറിയിച്ചിരുന്നു. ദില്ലിയി‌യിലെ ഏഴ് സീറ്റുകളിൽ കോൺഗ്രസിന് രണ്ട് സീറ്റ് നൽകാമെന്നായിരുന്നു ആം ആദ്മി വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്. ദില്ലിയിൽ ആം ആദ്മിയുമായി  സഖ്യമുണ്ടാക്കുന്നതിൽ എതിർപ്പറിയിച്ച് ഷീല ദിക്ഷിത് നേരത്തെ രംഗത്തുവന്നിരുന്നു.

ഷീലാ ദിക്ഷിത്ത് സർക്കാർ നല്ല ഭരണം കാഴ്ച വെച്ചിരുന്നുവെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുന്നതിനെ പറ്റി താൻ ചിന്തിക്കുക പോലും ചെയ്യില്ലായിരുന്നുവെന്ന് കെജ്രിവാൾ നേരത്തെ ആരോപിച്ചിരുന്നു. അവരുടെ ഭരണത്തില്‍ സ്‌കൂളുകള്‍ മുതല്‍ ആശുപത്രികള്‍ വരെ ദയനീയ അവസ്ഥയിലായിരുന്നുവെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി.

2014-ല്‍ ദില്ലിയിലെ ഏഴ് സീറ്റുകളും കോൺ​ഗ്രസിനെ പരാജയപ്പെടുത്തി ബിജെപി സ്വന്തമാക്കിയിരുന്നു. സംഖ്യമില്ലാതെ ഇത്തവണയും മത്സരിച്ചാൽ ബിജെപിക്ക് തന്നെ നേട്ടമുണ്ടാകുമെന്നാണ് സർവ്വേഫലങ്ങൾ വ്യക്തമാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

click me!