സിപിഎം എന്തും പറഞ്ഞോട്ടെ, അവര്‍ക്കെതിരെ ഒരു വാക്ക് പോലും ഞാന്‍ പറയില്ല: രാഹുല്‍ ഗാന്ധി

By Web TeamFirst Published Apr 4, 2019, 1:47 PM IST
Highlights

എനിക്കറിയാം കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ബിജെപിക്കെതിരായ പോരാട്ടം നയിക്കുകയാണ്. ഈ പോരാട്ടം തുടരും

കല്‍പറ്റ: തന്‍റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നിരന്തര വിമര്‍ശനം ഉയര്‍ത്തുന്ന ഇടതുപക്ഷത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വയനാട്ടില്‍ താന്‍ മത്സരിക്കാനെത്തുന്നത് ഇന്ത്യ ഒന്നാണ് എന്ന സന്ദേശം നല്‍കാനാണെന്നും സിപിഎമ്മും സിപിഐയും തനിക്കെതിരെ എന്തൊക്കെ ആക്രമണം നടത്തിയാലും താന്‍ മറിച്ചൊരു വാക്ക് പോലും പറയില്ലെന്നും കല്‍പറ്റയില്‍ റോഡ് ഷോയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധി പറഞ്ഞു. 
രാഹുലിന്‍റെ വാക്കുകള്‍...
കേരളത്തില്‍ ഞാന്‍ മത്സരിക്കാന്‍ വന്നത് ഒരു സന്ദേശം നല്‍കാനാണ്. ഇന്ത്യ ഒന്നാണ് എന്ന സന്ദേശം. ഇവിടെ തെക്കേയിന്ത്യയും വടക്കേയിന്ത്യയും പടിഞ്ഞാറെ ഇന്ത്യയൊന്നുമില്ല ഒരൊറ്റ ഇന്ത്യ മാത്രമേയുള്ളൂ. ആ സന്ദേശമാണ് ഞാന്‍ മുന്നോട്ട് വയ്ക്കുന്നത്. തങ്ങള്‍ അവഗണിക്കപ്പെട്ടു എന്ന വികാരം കര്‍ണാടകയിലേയും തമിഴ്നാട്ടിലേയും കേരളത്തിലേയും ജനങ്ങള്‍ക്കുണ്ട്. 

ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് വടക്കേയിന്ത്യയില്‍ നിന്നും തെക്കേയിന്ത്യയില്‍ നിന്നും മത്സരിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. ആര്‍എസ്എസും മോദിയും മുന്നോട്ട് വയക്കുന്നത് വിഭജനരാഷ്ട്രീയമാണ്. സാംസ്കാരികമായും ഭാഷപരമായും ദക്ഷിണേന്ത്യയെ അവഗണിക്കുക എന്നതാണ് സംഘപരിവാറിന്‍റെ നയം. ഇന്ത്യ സാംസ്കാരിക വൈവിധ്യം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ്. പലതരം സാംസ്കാരങ്ങളും ഭാഷകളും ജീവിതരീതികളും ഈ രാജ്യത്തുണ്ട് അതിനെയെല്ലാം മാനിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. 

ഞാനീ രാജ്യത്തിന്‍റെ കാവല്‍ക്കാരനാണെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ അദ്ദേഹത്തെ എല്ലാവരും വിശ്വസിച്ചു. തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയുമാണ് ഇന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. ഇവ രണ്ടും പരിഹരിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയമാണ്. ഈ പ്രതിസന്ധിക്കിടെ 35,000 കോടി രൂപയാണ് റഫാല്‍ കരാറിന്‍റെ ഭാഗമായി നരേന്ദ്രമോദി അനില്‍ അംബാനിക്ക് നല്‍കി. അതൊക്കെയാണ് ഇവിടെ ചര്‍ച്ച ചെയ്യേണ്ടത്.

എനിക്കറിയാം കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ബിജെപിക്കെതിരായ പോരാട്ടം നയിക്കുകയാണ്. ഈ പോരാട്ടം തുടരും. കേരളത്തിലെ സഹോദരീസഹോദരന്‍മാരോട് സിപിഎമ്മിലേയും കോണ്‍ഗ്രസിലേയും സഹോദരീസഹോദരന്‍മാരോട് എനിക്ക് ഒരു കാര്യം വ്യക്തമായി പറയാന്‍ സാധിക്കും.സിപിഎമ്മിനെ എന്നെ എതിര്‍ക്കേണ്ടി വരും. അവര്‍ക്കെന്നെ ആക്രമിക്കേണ്ടി വരും. സന്തോഷത്തോടെ ആ ആക്രമണമെല്ലാം ഞാന്‍ ഏറ്റുവാങ്ങും. എന്നാല്‍ എന്‍റെ പ്രചാരണത്തില്‍ എവിടെയും സിപിഎമ്മിനെതിരെ ഒരു വാക്ക് പോലും ഞാന്‍ പറയില്ല. അവര്‍ എന്നെ കുറിച്ച് എന്തു പറഞ്ഞാലും എന്‍റെ വായില്‍ നിന്നൊന്നും അവര്‍ക്കെതിരെ വരില്ല. 
 

click me!