ഇരട്ട പൗരത്വം: രാഹുലിന് നോട്ടീസ് അയച്ച കേന്ദ്ര നടപടിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്

By Web TeamFirst Published May 1, 2019, 2:38 PM IST
Highlights

സമീപ പ്രദേശത്ത് വോട്ടെടുപ്പ് പുരോഗമിക്കവേ മധ്യപ്രദേശിലെ ദമോഹറിൽ മോദി പ്രചരണ റാലി നടത്തിയത് തെരെ.കമ്മീഷന്‍റെ ശ്രദ്ധയിൽപ്പെടുത്തിയതായും കോൺഗ്രസ്

ദില്ലി: ഇരട്ട പൗരത്വം ആരോപിച്ച് രാഹുൽ ഗാന്ധിക്ക് ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചതിനെതിരെ കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ജയറാം രമേശ്, മനു അഭിഷേക് സിംഗ് വി എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. പ്രധാനമന്ത്രി സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതായി കോൺഗ്രസ് ആരോപിച്ചു. 

സമീപ പ്രദേശത്ത് വോട്ടെടുപ്പ് പുരോഗമിക്കവേ മധ്യപ്രദേശിലെ ദമോഹറിൽ മോദി പ്രചരണ റാലി നടത്തിയത് തെരെ.കമ്മീഷന്‍റെ ശ്രദ്ധയിൽപ്പെടുത്തിയതായും കോൺഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. പെരുമാറ്റച്ചട്ട ലംഘനം നടന്നെന്ന് വ്യക്തമാണ്. സംഭവത്തില്‍ 24 മണിക്കൂറിനുള്ളിൽ നടപടി എടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

വിദേശ പൗരത്വവുമായി ബന്ധപ്പെട്ടുള്ള പരാതിയിൽ 15 ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നോട്ടീസ് അയച്ചതിന് പിന്നാലെയാണ് നടപടി. രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് വർഷങ്ങളായി ആരോപണമുന്നയിക്കുന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയിലാണ് നോട്ടീസ്. 

നോട്ടീസിൽ രാഷ്ട്രീയതാത്പര്യമില്ലെന്നും, ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അവരുടെ ജോലി ചെയ്യുകയാണെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് പ്രതികരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനാണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് പ്രയിങ്കയിം പ്രതികരിച്ചിരുന്നു. ബിജെപിയുടെ ആരോപണം അസംബന്ധമാണെന്നും പ്രിയങ്ക പറഞ്ഞു. 

click me!