ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി തോറ്റുകൊണ്ടിരിക്കുകയാണ്; രാഹുൽ ​ഗാന്ധി

By Web TeamFirst Published Apr 30, 2019, 9:54 PM IST
Highlights

നോട്ട് നിരോധനത്തിനു ശേഷം ബിജെപി രാജ്യത്തെ ജനങ്ങളെ വരിയിൽ നിർത്തി. എന്നാൽ അനില്‍ അംബാനിയും മെഹുള്‍ ചോക്‌സിയും വിജയ് മല്ല്യയും വരിയിൽ നിൽക്കുന്നത് കണ്ടോ എന്നും രാഹുൽ ചോദിച്ചു.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടാണ് മോദിയുടെ മുഖത്തെ തിളക്കം മങ്ങിയതെന്നും കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. ഇപ്പോഴുള്ള അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ കണ്ടാൽ അക്കാര്യം മനസിലാകുമെന്നും രാഹുൽ പറഞ്ഞു. മധ്യപ്രദേശിലെ ജതാരയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മോദി തെരഞ്ഞെടുപ്പിൽ തോറ്റുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ മുഖത്തേക്കൊന്നു നോക്കൂ. മുഖത്തുള്ള  ആ പഴയ തിളക്കം അപ്രത്യക്ഷമായി. അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ തന്നെ നോക്കൂ, വളരെ ശ്രദ്ധയോടെയാണ് ഓരോ കാര്യങ്ങളും സംസാരിക്കുന്നത്. കോൺ​ഗ്രസ് തന്നെ അധികാരത്തിലെത്തും'- രാഹുൽ പറഞ്ഞു.

കോൺ​ഗ്രസ് അധികാരത്തിലേറിയാൽ അന്വേഷണം പ്രഖ്യാപിക്കുമെന്നും അപ്പോൾ ഉയർന്നു കേൾക്കുന്ന രണ്ടു പേരുകൾ മോദിയുടെയും അനിൽ അംബാനിയുടേതും അയിരിക്കുമെന്നും രാഹുൽ പറഞ്ഞു. നോട്ട് നിരോധനത്തിനു ശേഷം ബിജെപി രാജ്യത്തെ ജനങ്ങളെ വരിയിൽ നിർത്തി. എന്നാൽ അനില്‍ അംബാനിയും മെഹുള്‍ ചോക്‌സിയും വിജയ് മല്ല്യയും വരിയിൽ നിൽക്കുന്നത് കണ്ടോ എന്നും രാഹുൽ ചോദിച്ചു.

പാവപ്പെട്ടവര്‍ക്ക് വര്‍ഷത്തില്‍  72,000 രൂപ ലഭിക്കുമ്പോള്‍ അവര്‍ക്ക് നല്ല സാധാനങ്ങള്‍ വാങ്ങാന്‍ കഴിയുമെന്നും അതിലൂടെ തൊഴില്‍മേഖലയില്‍ വൻ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു.  

click me!