
ജയ്പൂർ: കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ബിജെപി സർക്കാർ രാജ്യത്ത് അനീതിയാണ് നടപ്പാക്കിയതെന്നും അടുത്ത അഞ്ചു വർഷം കൊണ്ട് ആ പ്രവണത മറികടന്ന് രാജ്യത്ത് നീതി നടപ്പാക്കാൻ ആഗ്രഹിക്കുന്നുവെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജസ്ഥാനിലെ ആദിവാസി ഭൂരിപക്ഷ മണ്ഡലമായ ബെനേശ്വർ ധാമിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഗോത്ര വിഭാഗം, ദരിദ്രർ, ദുർബല വിഭാഗങ്ങൾ എന്നിവരോട് മോദി അനീതിയാണ് പ്രവർത്തിച്ചത്. അധികാരത്തിൽ ഏറുന്നതിന് മുമ്പ് നൽകിയ വാഗ്ദാനങ്ങൾ ഒന്നും തന്നെ നടപ്പാക്കിയില്ല. മോദിയുടെ കീഴിലുള്ള സർക്കാർ സമ്പന്നരായ പതിനഞ്ച് പേർക്ക് വേണ്ടി മാത്രമാണ് ഭരിച്ചത്'- രാഹുൽ പറഞ്ഞു. മോദി സർക്കാർ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നിങ്ങളിൽ നിന്നും തട്ടിയെടുത്ത, ജനങ്ങൾക്ക് അവകാശപ്പെട്ട കാര്യങ്ങൾ അവയിൽ നിന്നും ഉപരിയായി തങ്ങൾ തിരിച്ചു നൽകുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ദാരിദ്ര്യത്തിനെതിരെ സർജിക്കൽ സ്ട്രൈക്ക് നടത്തുമെന്നും ഒരു വർഷം ഇരുപത്തി രണ്ട് ലക്ഷം പേർക്ക് സർക്കാർ ജോലി നൽകുമെന്നും രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തു.