രാഹുൽ ദക്ഷിണേന്ത്യയിലേക്ക്; വയനാട്ടിലോ കര്‍ണാടകയിലോ മത്സരിച്ചേക്കും

By Web TeamFirst Published Mar 26, 2019, 3:05 PM IST
Highlights

അനിശ്ചിതത്വത്തിന് പാതി വിരാമം. രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ കൂടി മത്സരിക്കുമെന്ന് ഉറപ്പായി. വയനാടും കര്‍ണാടകയിലെ ചില സീറ്റുകളും പരിഗണനയില്‍. സീറ്റ് നാളെ പ്രഖ്യാപിക്കും. 

ദില്ലി:ദിവസങ്ങള്‍ക്ക് നീണ്ട ആശയക്കുഴപ്പത്തിനൊടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കും എന്നുറപ്പായി. അമേഠി കൂടാതെ ദക്ഷിണേന്ത്യയില്‍ ഒരു സീറ്റില്‍ നിന്നു കൂടി രാഹുല്‍ മത്സരിക്കുമെന്നും ഈ സീറ്റ് നാളെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും എഐസിസിയിലെ ഒരു ഉന്നത നേതാവ് മാധ്യമങ്ങളെ അനൗദ്യോഗികമായി അറിയിച്ചു. 

അതേസമയം രാഹുല്‍ വയനാട്ടില്‍ നിന്നു തന്നെ മത്സരിക്കുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ് തമിഴ്നാട്, കര്‍ണാടക, കേരളം എന്നീ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും രാഹുലിനെ മത്സരിക്കാന്‍ സ്വാഗതം ചെയ്തെങ്കിലും കേരളത്തിലെ വയനാടും കര്‍ണാടകയിലെ ചില സീറ്റുകളുമാണ് രാഹുല്‍ ഗാന്ധി മത്സരിക്കാനായി പരിഗണിക്കുന്നതെന്ന് ഈ നേതാവ് വെളിപ്പെടുത്തുന്നു. 

രാഹുല്‍ ഗാന്ധിയെ തങ്ങളുടെ സംസ്ഥാനത്തേക്ക് ഏറ്റവും ആദ്യം സ്വാഗതം ചെയ്തത് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളാണ്. ദക്ഷിണേന്ത്യയില്‍ നിന്നും മത്സരിക്കുന്ന പക്ഷം രാഹുല്‍ കര്‍ണാടകയിലെ ഏതെങ്കിലും സീറ്റ് തെര‍ഞ്ഞെടുക്കുമെന്നാണ് തങ്ങളുടെ ഉറച്ച പ്രതീക്ഷയെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ട്റാവു നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുപിഎയും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നത് ദക്ഷിണേന്ത്യയിലാണ്. ഈ സാഹചര്യത്തിലാണ് ഉത്തരേന്ത്യയില്‍ അമേഠിക്കൊപ്പം ദക്ഷിണേന്ത്യയിലെ ഒരു സീറ്റില്‍ കൂടി രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്. ആദ്യഘട്ടത്തില്‍ ഇതിനോട് വിമുഖത പ്രകടിപ്പിച്ച രാഹുല്‍ പിന്നീട് രണ്ടാമതൊരു സീറ്റില്‍ കൂടി മത്സരിക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. 

രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ അത് ഐക്യജനാധിപത്യമുന്നണിക്കും കാര്യമായ ഗുണം ചെയ്യുമെന്നാണ് കേരളത്തിലെ നേതാക്കളുടെ പ്രതീക്ഷ.  യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് രാഹുല്‍ ഗാന്ധി എന്നതിനാല്‍ കേരളത്തിലെ ഇരുപത് സീറ്റ് കൂടാതെ വയനാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലും തമിഴ്നാട്ടിലും അതിന്‍റെ അനുരണനങ്ങളുണ്ടാവുമെന്ന് കേരളത്തിലെ നേതാക്കള്‍ നേരത്തെ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. 

കേരളത്തില്‍ വയനാട്, വടകര സീറ്റുകളില്‍ ഇതുവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. വടകരയില്‍ കെ.മുരളീധരന്‍ പ്രചാരണത്തില്‍ ഏറെ മുന്നോട്ട് പോയെങ്കിലും രാഹുല്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്ത വന്നതോടെ വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി.സിദ്ധീഖ് പ്രചാരണം അവസാനിപ്പിച്ചിരുന്നു. 
 

click me!