
തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയാൽ ഇടതുപക്ഷം അതിശക്തമായ മത്സരം സംഘടിപ്പിക്കുമെന്ന് ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ. കോൺഗ്രസ് വലിയ സർജിക്കൽ സ്ട്രൈക്ക് എന്നൊക്കെ പ്രചാരണം നടത്തിയിട്ട് ഒടുവിൽ പവനായി ആയി മാറാതിരുന്നാൽ മതി. രാഹുൽ ഗാന്ധി കോൺട്രാക്ട് കൊടുത്ത ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി ആസൂത്രണം ചെയ്തതുപോലെയാണ് വയനാട് സീറ്റിന്‍റെ പേരിൽ തുടരുന്ന അനിശ്ചിതത്വമെന്ന് വിജയരാഘവൻ പരിഹസിച്ചു. രാഹുൽ ഗാന്ധി മത്സരിച്ചാൽ ഇടതുപക്ഷം എല്ലാ കരുത്തും ഉപയോഗിച്ച് എതിർക്കും. തെരഞ്ഞെടുപ്പിൽ അദ്ദേഹം ചരിത്രപരമായ പരാജയം നേരിടുമെന്നും എ വിജയരാഘവൻ മുന്നറിയിപ്പ് നൽകി.
ഇടതുപക്ഷത്തിന് ശക്തമായ ഒരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. രാഹുൽ ഗാന്ധിയും ഇടതുപക്ഷവും രണ്ട് രാഷ്ട്രീയത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്യുന്നത് സാമ്പത്തിക ഉദാരീകരണത്തിന്‍റെ രാഷ്ട്രീയമാണ്. എന്നാൽ ബിജെപിയുടെ വർഗ്ഗീയ രാഷ്ട്രീയമാണ് കൂടുതൽ അപകടകരം. സിപിഎം മത്സരിക്കുന്ന ഇടങ്ങളിൽ വിജയിക്കാൻ ശ്രമിക്കും. അല്ലാത്ത ഇടങ്ങളിൽ ബിജെപിയെ തോൽപ്പിക്കാൻ വേണ്ടി പരമാവധി ആളുകളെ ഒന്നിപ്പിക്കാൻ ശ്രമിക്കും. കോൺഗ്രസിന് നിലപാടുകളുണ്ടോ എന്നതാണ് പ്രധാനമെന്നും ഇടതുമുന്നണി കൺവീനർ പറഞ്ഞു.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ, കർണ്ണാടകയിൽ മത്സരിക്കുമോ എന്ന തരം വ്യക്തികേന്ദ്രീകൃത രാഷ്ട്രീയ പ്രചാരണമല്ല ഈ തെരഞ്ഞെടുപ്പിന്‍റെ രാഷ്ട്രീയം. ബിജെപി അധികാരത്തിൽ എത്തുന്നത് തടയുക എന്നതാണെന്ന് എ വിജയരാഘവൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തീരുമാനങ്ങളെടുക്കാം, അത് അവരുടെ കാര്യമാണ്. എന്നാൽ മോദി ഭരണത്തെ സ്ഥാനഭ്രഷ്ടമാക്കുക എന്ന രാഷ്ട്രീയത്തിന് ശക്തിപകരാനല്ല രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വരുമെന്ന പ്രചാരണം നടക്കുന്നത്.
രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം എന്നതല്ല ഈ തെരഞ്ഞെടുപ്പിന്‍റെ വിഷയം. കേന്ദ്രത്തിൽ മതേതര സർക്കാർ വരുക എന്നതാണ് പ്രധാനം. തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ അന്തരീക്ഷമാണ് ആരാണ് പ്രധാനമന്ത്രി എന്ന് തീരുമാനിക്കുക. രാഷ്ട്രീയത്തിൽ കുറുക്കുവഴികളില്ല എന്ന് കോൺഗ്രസും ബിജെപിയും മനസിലാക്കണമെന്നും രാഹുൽ വയനാട്ടിൽ വന്നാൽ അതിശക്തമായ മത്സരം സംഘടിപ്പിക്കുമെന്നും എ വിജയരാഘവൻ ആവർത്തിച്ചു.