വയനാടിനെ കുറിച്ച് മിണ്ടിയില്ല; മറ്റ് വിഷയങ്ങളിൽ പ്രതികരണം പിന്നീടെന്ന് രാഹുൽ ഗാന്ധി

By Web TeamFirst Published Mar 25, 2019, 2:27 PM IST
Highlights

വാര്‍ത്താസമ്മേളനം വിളിച്ചത് പ്രകടന പത്രികയിലെ വിശദാംശങ്ങൾ പറയാൻ വേണ്ടി മാത്രം. സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് പ്രതികരണം പിന്നീടെന്ന് രാഹുൽ ഗാന്ധി. 

ദില്ലി; വയനാട് സ്ഥാനാര്‍ത്ഥിത്വത്തിന്‍റെ കാര്യത്തിൽ തീരുമാനം പറയാതെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അമേഠിക്ക് പുറമെ മറ്റേതെങ്കിലും മണ്ഡലത്തിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് മത്സരിക്കുമെന്നോ ഇല്ലെന്നോ ഉത്തരം നൽകാൻ പോലും രാഹുൽ ഗാന്ധി തയ്യാറായില്ല. പ്രകടന പത്രികയിലെ വിശദാംശങ്ങൾ പറയാൻ വേണ്ടി മാത്രമാണ് വാര്‍ത്താ സമ്മേളനമെന്നും ബാക്കി കാര്യങ്ങൾ പിന്നെ പറയാമെന്നുമായിരുന്നു രാഹുലിന്‍റെ പ്രതികരണം. 

കോൺഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടത്. വൈകീട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗവും ചേരുന്നുണ്ട്. അമേഠിക്ക് പുറമെ മറ്റൊരു മണ്ഡലത്തിൽ കൂടി രാഹുൽ ഗാന്ധി മത്സരിക്കണമെന്ന കാര്യത്തിൽ മുതിര്‍ന്ന നേതാക്കളുടെ യോഗത്തിൽ ധാരണയുണ്ടായെന്ന വാര്‍ത്തകളും ഉണ്ടായിരുന്നു. എന്നാൽ വാര്‍ത്താ സമ്മേളനത്തിൽ ആവര്‍ത്തിച്ച് ചോദിച്ചിട്ടും രാഹുൽ ഒന്നും പ്രതികരിച്ചില്ല. 

ഇന്നത്തെ പ്രവർത്തകസമിതി യോഗത്തിൽ രാഹുൽ മത്സരിക്കുന്ന കാര്യത്തിൽ ചർച്ച ഉണ്ടായില്ലെന്നാണ് സൂചന. ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കാണ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നത്. ഈ പ്രവർത്തകസമിതിയിൽ രാഹുൽ രണ്ടാമതൊരു മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടായേക്കും. യോഗത്തിന് ശേഷം കോൺഗ്രസ് വക്താക്കൾ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ആ വാർത്താസമ്മേളനത്തിൽ ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാകുമെന്നാണ് സൂചന.

രാഹുലിന്‍റെ വാർത്താ സമ്മേളനം പൂർണമായി കാണാം:

click me!