തെരഞ്ഞെടുപ്പ് അങ്കത്തിന് തുടക്കം കുറിക്കാൻ രാഹുൽ ഗാന്ധി കേരളത്തിൽ; കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകൾ സന്ദർശിക്കും

By Web TeamFirst Published Mar 14, 2019, 5:58 AM IST
Highlights

സ്ഥാനാർത്ഥിപട്ടിക സംബന്ധിച്ച് മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയേക്കും. കോണ്‍ഗ്രസിന്‍റെയും മറ്റ് കക്ഷികളുടെയും സ്ഥാനാര്‍‍ത്ഥികള്‍ക്കായി വോട്ടഭ്യര്‍ത്ഥിക്കാന്‍ രാഹുൽ ഗാന്ധി വീണ്ടും കേരളത്തിലെത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.

കോഴിക്കോട്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിനിടെ സംസ്ഥാനത്തെ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാനായി എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോടെത്തും.

സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച ആശയക്കുഴപ്പങ്ങളും കേരളകോണ്‍ഗ്രസ് എമ്മിലെ പോരും വലിയ പ്രതിസന്ധിയായി തുടരുമ്പോഴാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് അങ്കത്തിന് തുടക്കമിടാൻ രാഹുൽ ഗാന്ധി എത്തുന്നത്. കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിനാല്‍ ലീഗ് സ്ഥാനാര്‍ത്ഥികളായ കുഞ്ഞാലിക്കുട്ടിയേയും ഇ ടി മുഹമ്മദ് ബഷീറിനെയും ജനമഹാറാലിയുടെ വേദിയില്‍ അണിനിരത്തി രാഹുല്‍ ഗാന്ധി മലബാറില്‍ വോട്ടഭ്യർത്ഥന നടത്തും. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഇതിനോടകം മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനും വേദിയിലുണ്ടാകും.

സ്ഥാനാർത്ഥിപട്ടിക സംബന്ധിച്ച് മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയേക്കും. കോണ്‍ഗ്രസിന്‍റെയും മറ്റ് കക്ഷികളുടെയും സ്ഥാനാര്‍‍ത്ഥികള്‍ക്കായി വോട്ടഭ്യര്‍ത്ഥിക്കാന്‍ രാഹുൽ ഗാന്ധി വീണ്ടും കേരളത്തിലെത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.

രാവിലെ തൃശൂര്‍ തൃപ്രയാറില്‍ നടക്കുന്ന ഫിഷർമാൻ പാർലമെന്‍റിൽ എഐസിസി അധ്യക്ഷന്‍ പങ്കെടുക്കും. തുടർന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്‍റെ കുടുംബാംഗങ്ങളെ കാണും. ഒരു മണിയോടെ പെരിയയിലേക്ക് പുറപ്പെടുന്ന രാഹുല്‍ കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും വീടുകള്‍ സന്ദർശിക്കും.തുടര്‍ന്ന് നാലരയോടെ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്ന ജനമാഹാറാലിയില്‍ പങ്കെടുക്കും.

click me!