
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പ്രവചനങ്ങളൊക്കെ ഫലിച്ചോ? ഇതിനു മുമ്പുണ്ടായിരുന്ന തെരഞ്ഞെടുപ്പുകളിലൊക്കെ വെള്ളാപ്പള്ളി പിന്തുണച്ചവരൊക്കെ ജയിച്ചോ തോറ്റോ? തമാശയ്ക്ക് ഒപ്പം ചരിത്രക്കണക്കും അവതരിപ്പിക്കുകയാണ് അഡ്വ. ജയശങ്കർ 'ന്യൂസ് അവറി'ൽ. വെള്ളാപ്പള്ളി പിന്തുണച്ചവരൊക്കെ തോറ്റെന്നാണ് ജയശങ്കർ പറയുന്നത്. സത്യത്തിൽ എ എം ആരിഫിനോട് ഒരു തരി സ്നേഹമുണ്ടെങ്കിൽ വെള്ളാപ്പള്ളി ഇത് ചെയ്യരുതായിരുന്നെന്നും ജയശങ്കർ.
ജയശങ്കറിന്‍റെ വാക്കുകൾ ഇങ്ങനെ:
2006-ലാണ് എ എ ഷുക്കൂർ ആദ്യമായി അരൂർ മണ്ഡലത്തിൽ നിന്ന് ജയിക്കുന്നത്. വിഎസ് തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പായിരുന്നു. ഇതിലാണ് ആദ്യമായി കെ ആർ ഗൗരിയമ്മ തോൽക്കുന്നത്. ആലപ്പുഴ ജില്ലയിൽ അന്ന് വെള്ളാപ്പള്ളി നടേശൻ പിന്തുണച്ചവർ ആരൊക്കെയാണെന്ന് നോക്കാം.
അരൂരിൽ അന്ന് വെള്ളാപ്പള്ളി ഗൗരിയമ്മയെയാണ് പിന്തുണച്ചത്. ജയിച്ചത് ആരിഫാണ്. തൊട്ടപ്പുറത്തുള്ള ചേർത്തലയിൽ ഷാജി മോഹൻ എന്ന കോൺഗ്രസ് നേതാവിനെയാണ്. അന്ന് ജയിച്ചതാകട്ടെ ഇന്ന് സിപിഐയുടെ മന്ത്രിയായ പി തിലോത്തമൻ. ആലപ്പുഴയിൽ അന്ന് ടി ജെ ആഞ്ചലോസിനെ പിന്തുണച്ചെന്ന് മാത്രമല്ല, കെ സി വേണുഗോപാലിനെ തോൽപിക്കണമെന്ന് ഫത്വ പുറപ്പെടുവിക്കുകയും ചെയ്തു. അന്നാകട്ടെ, വേണുഗോപാൽ ജയിച്ചു. ഹരിപ്പാട്ട് വെള്ളാപ്പള്ളിയുടെ അടുപ്പക്കാരനായ ദേവകുമാറിനെ വെള്ളാപ്പള്ളി പിന്തുണച്ചു. തൊട്ടു മുമ്പത്തെ തവണ വിപരീതരംഗത്തിൽ ജയിച്ച ദേവകുമാർ ആ തെരഞ്ഞെടുപ്പിൽ തോറ്റുപോയി. അന്ന് ബാബു പ്രസാദാണ് ജയിച്ചത്. ചെങ്ങന്നൂരാകട്ടെ, പി സി വിഷ്ണുനാഥ് ജയിക്കില്ല, ജയിച്ചാൽ മീശ വടിക്കുമെന്നാണ് അന്ന് വെള്ളാപ്പള്ളി പറഞ്ഞത്. അന്നാകട്ടെ പി സി വിഷ്ണുനാഥ് ജയിച്ചു. അതിന് പിന്നാലെയാണ് വെള്ളാപ്പള്ളിക്ക് മീശ വടിക്കാൻ ബ്ലേഡ് അയച്ചു കൊടുത്ത തമാശയൊക്കെ യൂത്ത് കോൺഗ്രസുകാർ കാണിച്ചത്.
യഥാർഥത്തിൽ പി സി വിഷ്ണുനാഥ് അവിടെ ജയിക്കാൻ അന്ന് സാധ്യത കുറവായിരുന്നു. ജയസാധ്യത കുറവാണെന്ന് കരുതിയതുകൊണ്ടാണ് അന്ന് ശോഭനാ ജോർജ് തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിലേക്ക് പോയത്. അന്ന് സജി ചെറിയാനായിരുന്നു എതിർസ്ഥാനാർഥി. അദ്ദേഹം ശക്തനായ സ്ഥാനാർഥിയായിരുന്നു. വിഷ്ണുനാഥിനെ ജയിപ്പിച്ചത് യഥാർഥത്തിൽ വെള്ളാപ്പള്ളിയുടെ ഈ പ്രസ്താവനയാണ്.
എസ്എൻഡിപി യോഗത്തിന്‍റെ പല ജനറൽ സെക്രട്ടറിമാരും കോൺഗ്രസ് നേതാക്കളായിരുന്നു എന്നതാണ് ചരിത്രം. ആർ ശങ്കറും, കെ കെ വിശ്വനാഥൻ അങ്ങനെ പലരും. പക്ഷേ സമുദായത്തിൽ പലരും ഇടത് അനുകൂലികളായിരുന്നു. ജനറൽ സെക്രട്ടറിമാർ പറഞ്ഞാൽ ശ്രീനാരായണീയർ കൊടി പിടിക്കാൻ പോകുമായിരിക്കാം. പക്ഷേ വോട്ട് പലപ്പോഴും ഇടതിനായിരുന്നു. അവരാരും ചെങ്കൊടി വിട്ട് ത്രിവർണ പതാക പിടിക്കില്ല. വളരെ രാഷ്ട്രീയ അവബോധമുള്ള സമുദായമാണ്, അവർക്ക് സ്വന്തമായ രാഷ്ട്രീയവിശ്വാസമുണ്ട്.'' - ജയശങ്കർ പറയുന്നു.
വെള്ളാപ്പള്ളി പിന്തുണച്ചവരെല്ലാം തോൽക്കുന്നതിന്‍റെ കാരണമെന്ത്?
അതിന് കൃത്യമായ കാരണമുണ്ടെന്നാണ് അഡ്വ. ജയശങ്കർ പറയുന്നത്. ''വെള്ളാപ്പള്ളി ആരെയെങ്കിലും പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞാലുടൻ ആ ഒറ്റക്കാരണം കൊണ്ട് ഈ നാട്ടിലെ നല്ലവരായ നായൻമാരും കൃസ്ത്യാനികളും ഒന്നിച്ച് ചേർന്ന് എതിർസ്ഥാനാർഥിക്ക് അങ്ങ് വോട്ട് ചെയ്ത് കളയും. അതാണ് ചെങ്ങന്നൂരിൽ സംഭവിക്കും.
ഇപ്പോൾ തുഷാർ വെള്ളാപ്പള്ളി തോൽക്കും എന്ന് വെള്ളാപ്പള്ളി പറഞ്ഞതെന്തിനാണ്? അങ്ങനെ പറഞ്ഞാൽ അപ്പോ തൃശ്ശൂരിലെ കൃസ്ത്യാനികളും നായൻമാരും ചേർന്ന് തുഷാറിന് വോട്ട് ചെയ്ത് കളയും. സ്വന്തം മകൻ തോൽക്കണമെന്ന് ഏതെങ്കിലും അച്ഛൻ ആഗ്രഹിക്കുമോ? ഞാനാണെങ്കിൽ ആഗ്രഹിക്കില്ല.'' എന്ന് ജയശങ്കർ.
ഇതാണെപ്പഴും സംഭവിക്കുന്നത്, ഇദ്ദേഹം പ്രസംഗിച്ചാൽ എപ്പോഴും വിപരീതമാണ് ഫലം - എന്ന് ജയശങ്കർ.