കോൺഗ്രസ് നേതാക്കൾ എന്നെ കുരങ്ങനെന്നും പാമ്പെന്നും, എലിയെന്നും തേളെന്നും വിളിക്കുന്നു: മോദി

By Web TeamFirst Published May 8, 2019, 5:40 PM IST
Highlights

"രാഹുൽ ഗാന്ധി സ്നേഹത്തെ കുറിച്ച് പറയുന്നു. അവരുടെ നേതാക്കൾ അധിക്ഷേപിക്കാവുന്നതിന്റെ പരിധി പലതവണ ലംഘിച്ചു" എന്ന് നരേന്ദ്ര മോദി

ദില്ലി: കോൺഗ്രസ് നേതാക്കൾ തന്നെ നിരന്തരം അധിക്ഷേപിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുൽ ഗാന്ധി സ്നേഹത്തെ കുറിച്ചാണ് പറയുന്നത്. കോൺഗ്രസ് നേതാക്കൾ എന്നെ കുരങ്ങനെന്നും ഹിറ്റ്ലറെന്നും മുസ്സോളിനിയെന്നും വിളിച്ച് നിരന്തരം അധിക്ഷേപിക്കുന്നു. അവരുടെ നിഘണ്ടുവിൽ സ്നേഹത്തിന്റെ അർത്ഥം ഇങ്ങിനെയാണെന്നും മോദി കുറ്റപ്പെടുത്തി.

കുരുക്ഷേത്രയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ചില നേതാക്കൾ എന്നെ ഹിറ്റ്ലറെന്നും മുസ്സോളിനിയെന്നും വിളിക്കുന്നു. മറ്റ് ചിലർ മര്യാദയില്ലാത്തവനെന്നും പെരുമാറാൻ അറിയാത്തവനെന്നും കുറ്റപ്പെടുത്തുന്നു. മറ്റുള്ളവർ എന്നെ കുരങ്ങനെന്നും പാമ്പെന്നും, എലിയെന്നും തേളെന്നും അധിക്ഷേപിക്കുന്നു," മോദി പറഞ്ഞു.

"പല വട്ടം അവർ എന്നെ അധിക്ഷേപിക്കുന്നതിന്റെ പരിധി ലംഘിച്ചു. വിഡ്ഢിയായ പ്രധാനമന്ത്രിയെന്നൊക്കെ പരിഹസിച്ചു. ഇങ്ങിനെയാണ് അവരുടെ നിഘണ്ടുവിൽ സ്നേഹത്തിന്റെ അർത്ഥം. രാഹുൽ ഗാന്ധി പറഞ്ഞത് എന്നോട് സ്നേഹം മാത്രമേ ഉള്ളൂവെന്നാണ്. എന്നാൽ കോൺഗ്രസ് നേതാക്കൾ എന്നോടുള്ള സ്നേഹം കാണിക്കുന്നത് ഇങ്ങിനെയൊക്കെയാണ്," മോദി പറഞ്ഞു.

രാജീവ് ഗാന്ധിയ്ക്ക് എതിരായ പരാമർശത്തെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വലിയ വാഗ്വാദങ്ങളാണ് കോൺഗ്രസ്-ബിജെപി നേതാക്കൾക്കിടയിൽ നടക്കുന്നത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് മോദിയുടെ പരാമർശം.

click me!