
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ആനന്ദ് ശര്‍മ്മ. പ്രധാനമന്ത്രിയെ തീരുമാനിക്കുക ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിക്കുന്ന സീറ്റ് നിലയനുസരിച്ചാകും. കോണ്‍ഗ്രസിനാണ് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്നതെങ്കില്‍ ഉറപ്പായും രാഹുല്‍ പ്രധാനമന്ത്രിയാകുമെന്നും ആനന്ദ് ശര്‍മ്മ വ്യക്തമാക്കി. തീരുമാനം മുന്നണിയിലെ നേതാക്കള്‍ ചേര്‍ന്നെടുക്കുമെന്നും ആനന്ദ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പിലെ ബിജെപിയുടെയും മോദിയുടെയും സാധ്യതകളെക്കുറിച്ചുള്ള ചോദ്യത്തിന് 2004 ലെ തെരഞ്ഞെടുപ്പിന് മുന്‍പും ഇത്തരത്തിലൊരു സാഹചര്യമുണ്ടായിരുന്നെന്ന് ആനന്ദ് ശര്‍മ്മ പ്രതികരിച്ചു. അന്ന് എല്ലാവരും വാജ്പേയെ പുകഴ്‍ത്തി. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ യുപിഎ മുന്നണി വലിയ വിജയത്തോടെ അധികാരത്തിലേറി. അതേ സാഹചര്യമാണ് ഇന്നുമുള്ളത്. മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്നും കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.
ജനങ്ങളുടെ വികാരങ്ങളെ വോട്ടാക്കാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നത്. പൊള്ളയായ വാഗ്ദാനങ്ങളാണ് മോദി നടല്‍കുന്നത്. 2014 ലും അതാണ് സംഭവിച്ചതെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്ത മോദി മാപ്പുപറയണമെന്നും ആനന്ദ് ശര്‍മ്മ വ്യക്തമാക്കി.