കോൺ​ഗ്രസ് ഇല്ലാതാകുന്ന ദിവസം ഇന്ത്യ ദാരിദ്ര്യരഹിതമാകും; രാജ്നാഥ് സിങ്

By Web TeamFirst Published Apr 22, 2019, 5:25 PM IST
Highlights

1971ൽ പാകിസ്ഥാനോട് യുദ്ധം ചെയ്തതിന്റെ പേരിൽ ഇന്ദിരാഗാന്ധിയെ പുകഴ്ത്താമെങ്കിൽ എന്തുകൊണ്ട് പാകിസ്ഥാന് ഇപ്പോൾ തക്ക മറുപടി നൽകിയ മോദിയെ പുകഴ്ത്തിക്കൂടെന്നും രാജ്‌നാഥ് സിങ് ചോദിച്ചു.

ജയ്പൂർ: കോൺ​ഗ്രസ് ഇല്ലാതാകുന്ന ദിവസം ഇന്ത്യ ദാരിദ്ര്യരഹിതമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. കോൺ​ഗ്രസ് നിരവധി വാ​ഗ്ദാനങ്ങൾ നൽകുന്നതല്ലാകെ ഒന്നും പ്രാവർത്തികമാക്കാൻ സാധിച്ചിട്ടില്ലെന്നും സിങ് കുറ്റപ്പെടുത്തി. ആരെങ്കിലും ദാരിദ്ര്യനിര്‍മ്മാര്‍ജനത്തെ പറ്റി ചിന്തിക്കുന്നുവെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടുപഠിക്കണമെന്നും രാജ്നാഥ് സിങ് പറഞ്ഞു.

'ചരിത്രത്താളുകൾ മറിച്ചു നോക്കുകയാണെങ്കിൽ കോൺ​ഗ്രസ് നിരവധി വാ​ഗ്ദാനങ്ങൾ നൽകിയിട്ടുള്ളതായി കാണാൻ സാധിക്കും, എന്നാൽ അവയൊന്നും പൂർണ്ണമായും പ്രാവർത്തികമാക്കാൻ അവർക്ക് സാധിച്ചിട്ടില്ല. ദാരിദ്ര്യം നിയന്ത്രിക്കുന്നതെങ്ങനെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് പഠിക്കണം'- രാജ്‌നാഥ് സിങ് പറഞ്ഞു. രാജസ്ഥാനിൽ സംഘടിപ്പിച്ച തെരഞ്ഞടുപ്പ് പ്രചാര റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാലാകോട്ട് വ്യോമാക്രമണത്തെ ചോദ്യം ചെയ്യുന്നവർക്കെതിരെയും രാജ്‌നാഥ് സിങ് വിമർശനമുന്നയിച്ചു. സൈനികർ മൃതദേഹങ്ങൾ എണ്ണാറില്ലെന്നും കഴുകൻമാരാണ് അത് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.1971ൽ പാകിസ്ഥാനോട് യുദ്ധം ചെയ്തതിന്റെ പേരിൽ ഇന്ദിരാഗാന്ധിയെ പുകഴ്ത്താമെങ്കിൽ എന്തുകൊണ്ട് പാകിസ്ഥാന് ഇപ്പോൾ തക്ക മറുപടി നൽകിയ മോദിയെ പുകഴ്ത്തിക്കൂടെന്നും രാജ്‌നാഥ് സിങ് ചോദിച്ചു.
 

click me!