'സൈന്യം മോദിക്കൊപ്പമെന്ന്'; രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡും കുരുക്കില്‍

By Web TeamFirst Published May 3, 2019, 8:03 AM IST
Highlights

സൈന്യത്തിന്‍റെ നേട്ടങ്ങളെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപങ്ങൾക്കിടെയാണ് പുതിയ വിവാദം. യുപിഎ ഭരണകാലത്ത് ആറ് മിന്നലാക്രമണങ്ങൾ നടത്തിയെന്ന കോണ്‍ഗ്രസ് വാദത്തെ മുന്‍ കേണല്‍ കൂടിയായ റാത്തോഡ് തള്ളി.

ദില്ലി: സൈന്യം മുഴുവന്‍ ബിജെപിക്കും മോദിക്കുമൊപ്പമാണെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്. ജയ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പരാ‍മർശം. സൈന്യത്തിന്‍റെ നേട്ടങ്ങളെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപങ്ങൾക്കിടെയാണ് പുതിയ വിവാദം.

യുപിഎ ഭരണകാലത്ത് ആറ് മിന്നലാക്രമണങ്ങൾ നടത്തിയെന്ന കോണ്‍ഗ്രസ് വാദത്തെ മുന്‍ കേണല്‍ കൂടിയായ റാത്തോഡ് തള്ളി. രാജസ്ഥാനിലെ ജയ്പൂര്‍ റൂറലില്‍ നിന്ന് ബിജെപിക്ക് വേണ്ടി ജനവിധി തേടുകയാണ് റാത്തോ‍ഡ്. നേരത്തെ, സെെന്യം മോദിയുടെ സേനയാണെന്ന് പറഞ്ഞ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. ​

ഗാസിയാബാദിലും ഗ്രെയ്റ്റർ നോയിഡയിലും നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ആ​ദി​ത്യനാഥ് മോദിയെ പുകഴ്ത്തി വെട്ടിൽ‌​വീണത്. ഭീകരർക്കു നേരെ മോദിയുടെ സൈന്യം ബുള്ളറ്റും ബോംബുകളുമാണ് അയച്ചു​കൊണ്ടിരുന്നത്. കോൺഗ്രസ് സർക്കാർ ഭീകരർക്ക് ബിരിയാണി വിളമ്പുക​യായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൂടാതെ, തന്‍റെ പ്രസംഗങ്ങളില്‍ നിരവധി വട്ടം മോദിയുടെ സെെന്യത്തിന്‍റെ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. അതേസമയം, പുതിയ വോട്ടര്‍മാര്‍ പുല്‍വാമയിലെ രക്തസാക്ഷികള്‍ക്കും ബാലക്കോട്ട് മിന്നലാക്രമണം നടത്തിയവര്‍ക്കും വേണ്ടി വോട്ട് ചെയ്യുമെന്ന പ്രസ്താവനയിലും  ആണവായുധങ്ങള്‍ ദീപാവലിക്ക് പൊട്ടിക്കാന്‍ വച്ചിരിക്കുന്നതല്ലെന്ന പ്രസ്താവനയിലും ചട്ട ലംഘനമല്ലില്ലെന്ന് കണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.

click me!