സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച ഏക പ്രധാനമന്ത്രിയ്ക്ക് സ്വാതന്ത്ര്യത്തിന് മുമ്പ് ജനിച്ച ഒരേ ഒരു മന്ത്രി

By Web TeamFirst Published May 31, 2019, 7:34 PM IST
Highlights

ജനത പാര്‍ട്ടിയിലൂടെ ബിഹാര്‍ രാഷ്ട്രീയത്തില്‍ കരുത്തനായി വളര്‍ന്ന പാസ്വാന്‍ 1989 ല്‍ വി പി സിംഗ് സര്‍ക്കാരിലാണ് ആദ്യമായി കേന്ദ്രമന്ത്രിയാകുന്നത്. 89 ല്‍ തൊഴില്‍ മന്ത്രിയായിരുന്ന അദ്ദേഹം 96-98 കാലയളവില്‍ ദേവഗൗഡ-ഗുജ്റാള്‍ മന്ത്രി സഭകളില്‍ റെയില്‍വെ മന്ത്രിയായും പ്രവര്‍ത്തിച്ചു

ദില്ലി: തെരഞ്ഞെടുപ്പ് വിജയവും സത്യപ്രതിജ്ഞയുമെല്ലാം കഴിഞ്ഞ് വകുപ്പ് വിഭജനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് രണ്ടാം മോദി സര്‍ക്കാര്‍. ഇന്ത്യാ ചരിത്രത്തില്‍ സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച ഏക പ്രധാനമന്ത്രി എന്ന വിശേഷണമുള്ള മോദി അത് പുതുക്കിയിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച ഏക പ്രധാനമന്ത്രിയുടെ മന്ത്രിസഭയില്‍ ഒരാളൊഴിച്ചുള്ളവരെല്ലാം മോദിയെ പോലെ സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ചവരാണ്.

എന്‍ഡിഎ സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി നേതാവായ രാംവിലാസ് പാസ്വാന്‍ മാത്രമാണ് രണ്ടാം മോദി സര്‍ക്കാരില്‍ സ്വാതന്ത്ര്യത്തിന് മുമ്പ് ജനിച്ചതായിട്ടുള്ളത്. 73 ാം വയസിലേക്ക് കടക്കുന്ന പാസ്വാന്‍ 1946 ജൂലൈ അഞ്ചാം തിയതിയാണ് ജനിച്ചത്. താടി ഒട്ടുമേ നരച്ച് കാണപ്പെട്ടിട്ടില്ലാത്ത രാം വിലാസ് പാസ്വാനാണ് മോദി മന്ത്രിസഭയുടെ കാരണവര്‍. ആദ്യ മോദി മന്ത്രിസഭയില്‍ വഹിച്ചിരുന്ന ഭക്ഷ്യ- പൊതു വിതരണ വകുപ്പ് തന്നെയാണ് ഇക്കുറിയും ലഭിച്ചത്. 

ജനത പാര്‍ട്ടിയിലൂടെ ബിഹാര്‍ രാഷ്ട്രീയത്തില്‍ കരുത്തനായി വളര്‍ന്ന പാസ്വാന്‍ 1989 ല്‍ വി പി സിംഗ് സര്‍ക്കാരിലാണ് ആദ്യമായി കേന്ദ്രമന്ത്രിയാകുന്നത്. 89 ല്‍ തൊഴില്‍ മന്ത്രിയായിരുന്ന അദ്ദേഹം 96-98 കാലയളവില്‍ ദേവഗൗഡ-ഗുജ്റാള്‍ മന്ത്രി സഭകളില്‍ റെയില്‍വെ മന്ത്രിയായും പ്രവര്‍ത്തിച്ചു. 99 ല്‍ വാജ്പേയി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോഴും പാസ്വാനെ തേടി കേന്ദ്രമന്ത്രി സ്ഥാനം എത്തി. 2004 ല്‍ ആദ്യ യു പി എ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോഴും കേന്ദ്ര കാബിനറ്റ് മന്ത്രിമാരില്‍ ഒരാളായി അദ്ദേഹം സത്യപ്രതിജ്‌ഞ ചെയ്തു. രണ്ടാം യു പി എ കാലത്ത് തെറ്റി പിരിഞ്ഞ പാസ്വാന്‍ വീണ്ടും എന്‍ ഡി എയിലെത്തിയപ്പോള്‍ ആദ്യ മോദി സര്‍ക്കാരിലും ഇടം കിട്ടി.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മുട്ടുക്കുത്തിച്ച സ്മൃതി ഇറാനിയാണ് രണ്ടാം മോദി സര്‍ക്കാരില്‍ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന വിശേഷണത്തിന് ഉടമ. നാല്‍പ്പത്തിമൂന്നുകാരിയായ സ്മൃതി ഇറാനി കഴിഞ്ഞ മന്ത്രി സഭയിലും അംഗമായിരുന്നു. സ്മൃതി ഇറാനി കഴിഞ്ഞാല്‍ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി മുന്‍ ബിസിസിഐ പ്രസിഡന്‍റ് അരുനാഗ് ഠാക്കൂറാണ്.

മാന്‍സുഖ് മാണ്ഡവ്യക്കും സഞ്ജീവ് കുമാര്‍ ബാല്യനും 46 വയസാണ് പ്രായം. 47 വയസുമായി കിരണ്‍ റിജ്ജുവും പ്രായം കുറഞ്ഞ മന്ത്രിമാരില്‍പ്പെടുന്നു. ആദ്യമായി മന്ത്രിപദത്തിലെത്തിയ രാമേശ്വര്‍ തെലിക്കും ദേബശ്രീ ചൗധരിക്കും 48 വയസുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രധാനമന്ത്രിയടക്കം 58 പേരാണ് മന്ത്രിസഭയില്‍ ഉള്ളത്.  ഇതില്‍ 25 മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് റാങ്ക് പദവിയുണ്ട്. 33 പേര്‍ സഹമന്ത്രിമാരാണ്. ഇവരില്‍ ഒന്‍പത് പേര്‍ക്ക് സ്വതന്ത്രചുമതലയുള്ള സഹമന്ത്രി പദവിയാണ് ലഭിച്ചിരിക്കുന്നത്. 

click me!