'ജനവിധി ഇടത് സർക്കാർ നയത്തിനെതിര്'; മുഖ്യമന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല

By Web TeamFirst Published May 23, 2019, 4:48 PM IST
Highlights

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഗോർബച്ചേവ് ആണ് പിണറായി എന്ന് രമേശ് ചെന്നിത്തല. ജനവിധി മാനിച്ച് മുഖ്യമന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാര്‍ നയത്തിനെതിരായി ജനം വിധി എഴുതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനവിധി മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. വര്‍ഗീയതയ്ക്ക് എതിരായി യുഡിഎഫ് പേരാട്ടം തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഗോർബച്ചേവ് ആണ് പിണറായി എന്ന് പരിഹസിച്ച രമേശ് ചെന്നിത്തല, ബിജെപിക്ക് പറ്റിയ മണ്ണല്ല കേരളമെന്ന് ജനങ്ങൾ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്നും പറഞ്ഞു. പ്രതിപക്ഷ ഐക്യം ഉണ്ടായിരുന്നെങ്കില്‍ എന്‍ഡിഎയെ തോല്‍പിക്കാമായിരുന്നു, അതിന് തുരങ്കം വച്ചത് കേരളത്തിലെ സിപിഎം നേതാക്കളാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരള ചരിത്രത്തിൽ ഇതുവരെ ഇടതുപക്ഷം നേരിടാത്ത പരാജയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതിഗംഭീര വിജയമാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നേടിയത്. ആകെയുള്ള ഇരുപത് സീറ്റുകളില്‍ 19 ഇടത്തും ആധികാരികമായ വിജയമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നേടിയത്. ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ച തിരുവനന്തപുരത്തും, പത്തനംതിട്ടയിലും, തൃശ്ശൂരിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരാളികളേക്കാള്‍ മികച്ച മെച്ചപ്പെട്ട വിജയമാണ് നേടിയത്. യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥികള്‍ക്ക് ലക്ഷത്തിലേറെ ഭൂരിപക്ഷം ലഭിച്ചു. 

യു‍ഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷം കൊണ്ട് അത്ഭുതപ്പെടുത്തിയത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. വയനാട്ടില്‍ 57 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് രാഹുല്‍ ലീഡ് ചെയ്യുകയാണ്. മുഴുവന്‍ വോട്ടുകളും എണ്ണി കഴിഞ്ഞാല്‍ ഒരു പക്ഷേ മൂന്നര ലക്ഷത്തോളം ഭൂരിപക്ഷത്തിന് രാഹുല്‍ ജയിക്കാന്‍ സാധ്യതയുണ്ട്. 

click me!