വോട്ടിംഗ് യന്ത്രത്തിനെതിരെ പരാതി പറയുന്നവർക്കെതിരെ കേസെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ചെന്നിത്തല

By Web TeamFirst Published Apr 23, 2019, 3:23 PM IST
Highlights

പരാതിക്കാർ തന്നെ സാങ്കേതികപ്രശ്നം തെളിയിക്കണം എന്നത് അംഗീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല. വോട്ടിംഗ് ക്രമക്കേട് ആരോപിക്കുന്നവർ തെളിയിച്ചില്ലെങ്കിൽ ഇന്ത്യൻ ശിക്ഷ നിയമം സെക്ഷൻ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചിരുന്നു.

തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തിൽ തകരാറുണ്ടെന്ന് പരാതി പറയുന്നവർക്കെതിരെ കേസെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാതിക്കാർ തന്നെ സാങ്കേതികപ്രശ്നം തെളിയിക്കണം എന്നത് അംഗീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിലെ പട്ടത്ത് വോട്ട് മാറിപ്പോകുന്നതായി പരാതി ഉയർന്നിരുന്നു. ഏത് ചിഹ്നത്തിൽ കുത്തിയാലും വോട്ട് താമരക്കെന്ന് തെളിയുന്നു എന്നായിരുന്നു പരാതി. എന്നാൽ ഇവിടെ ടെസ്റ്റ് വോട്ട് നടന്നപ്പോൾ പരാതി തെറ്റെന്ന് തെളിഞ്ഞു. പരാതി ഉന്നയിച്ച എബിൻ എന്ന വോട്ടർക്ക് എതിരെ പോലീസ് കേസ് എടുത്തു.

വോട്ടിംഗ് ക്രമക്കേട് ആരോപിക്കുന്നവർ തെളിയിച്ചില്ലെങ്കിൽ ഇന്ത്യൻ ശിക്ഷ നിയമം സെക്ഷൻ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു . ഇക്കാര്യം പ്രിസൈഡിങ് ഓഫീസർ  ക്രമക്കേട് ഉന്നയിക്കുന്ന ആളെ ബോധ്യപ്പെടുത്തണം. പരാതിയിൽ ഉത്തമ ബോധ്യത്തോടെ ഉറച്ചു നിൽക്കുകയാണെങ്കിൽ ഡിക്ലറേഷൻ ഫോമിൽ പരാതി എഴുതി വാങ്ങണം. ആരോപണം തെറ്റാണെന്നു തെളിഞ്ഞാൽ ഉടൻ പോലീസിൽ ഏൽപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ടിക്കാറാം മീണയുടെ ഈ നിലപാടിന് എതിരെയാണ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്.

തിരുവനന്തപുരത്ത് കോവളത്തും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലും വോട്ടിംഗ് യന്ത്രത്തിൽ ഗുരുതര പിഴവെന്ന് പരാതി. കോവളം നിയോജകമണ്ഡലത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ ചെയ്യുന്ന വോട്ടുകള്‍ താമരയ്ക്ക് പോകുന്നതായാണ് പരാതി ഉയര്‍ന്നത്. കോവളം ചൊവ്വരയിലെ 151-ാം നമ്പര്‍ ബൂത്തില്‍ 76 പേര്‍ വോട്ടു ചെയ്ത ശേഷമാണ് ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. ഹരിദാസ് എന്ന വോട്ടറാണ് വോട്ട ശേഷം പരാതി ഉന്നയിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തി വച്ച പോളിംഗ്  വെറെ വോട്ടിംഗ് യന്ത്രമെത്തിച്ച ശേഷമാണ് പുനരാരംഭിക്കാൻ കഴിഞ്ഞത്.

 വോട്ടിംഗ് സംബന്ധിച്ച പരാതി ഉയർന്നാൽ ടെസ്റ്റ് വോട്ട് ചെയ്ത് പരാതി പരിശോധിക്കാൻ സംവിധാനമുണ്ട്. എന്നാൽ തെറ്റെന്ന് തെളിഞ്ഞാൽ പൊലീസ് കേസാവുമെന്നതിനാൽ പരാതി ഉന്നയിച്ച് രംഗത്തെത്തിയ ഹരിദാസ് പരാതിയിൽ ഉറച്ചുനിന്നില്ല. എന്നാൽ പ്രശ്നം യുഡിഎഫ് എൽഡിഎഫ് പ്രവർത്തകർ ഏറ്റെടുത്തു. മോക് പോളിംഗിനിടെ പ്രശ്നം ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നാണ് വിവരം. പരാതി ഉയരും മുൻപ് പോൾ ചെയ്ത 76 വോട്ടിന്‍റെ വിവിപാറ്റ് സ്ലിപ്പ് പരിശോധിക്കണമെന്ന് എൽഡിഎഫും യുഡിഎഫും ആവശ്യപ്പെട്ടു. എൽഡിഎഫ് പ്രിസൈഡിംഗ് ഓഫീസറോട് ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടിട്ടുമുണ്ട്.  ശശി തരൂരും സി ദിവാകരനും സ്ഥലത്ത് എത്തി. എന്നാൽ മെഷീനിനെ സ്വിച്ച് പ്രവർത്തിപ്പിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നത് മാത്രമാണ് പ്രശ്നമെന്നാണ് ഇലക്ഷൻ ഓഫീസർ ടിക്കാറാം മീണ വിശദീകരിക്കുന്നത്.
‍‍‍
 സംസ്ഥാനത്തെ വോട്ടിംഗ് മെഷീനുകള്‍ക്ക് വ്യാപകമായ തകരാര്‍ സംഭവിച്ചിട്ടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  ചില സ്ഥലങ്ങളില്‍ പ്രശ്നമുണ്ടായിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയാണ് പെയ്തത്. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടിയാല്‍ വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. അതാത് സ്ഥലങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍ പ്രശ്നം പരിഹരിക്കാന്‍ ഇടപെടുന്നുണ്ടെന്നും ടിക്കാറാം മീണ വിശദീകരിച്ചു.  പ്രത്യേക അജന്‍ഡ വച്ച് രാഷ്ട്രീയക്കാര്‍ നടത്തുന്ന പ്രചാരണങ്ങളില്‍ ജനങ്ങള്‍ പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും  എല്ലാ പരാതികളും പരിഹരിച്ച് തെരഞ്ഞെടുപ്പ് നല്ല രീതിയില്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

click me!