രമ്യ ഹരിദാസിന്‍റെ പേരില്‍ വ്യാജപ്രചരണം; വിശ്വസിക്കരുതെന്ന് ആലത്തൂര്‍ എം പി

By Web TeamFirst Published May 25, 2019, 6:53 PM IST
Highlights

തെരഞ്ഞെടുപ്പിനു ശേഷം ഇപ്പോൾ അടുത്ത ദിവസങ്ങളിലായി ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത വിഷയങ്ങൾ രേഖപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് എന്റേ തല്ലാത്ത, ഞാൻ ഉപയോഗിക്കാത്ത എന്റെ അക്കൗണ്ടിൽ വന്നതായി അറിയാൻ കഴിഞ്ഞു

ആലത്തൂര്‍: തെരഞ്ഞെടുപ്പ് കാലത്ത് മുന്നണികളും സ്ഥാനാര്‍ത്ഥികളും നേരിട്ട പ്രധാന വെല്ലുവിളിയായിരുന്നു വ്യാജ പ്രചരണങ്ങള്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വ്യാജപ്രചരണങ്ങള്‍ക്ക് കുറവുണ്ടായിട്ടില്ല. ആലത്തൂരില്‍ ചരിത്ര വിജയം നേടിയ രമ്യ ഹരിദാസിന്‍റെ പേരിലാണ് ഏറ്റവുമൊടുവിലായി വ്യാജന്‍ പ്രചരിച്ചത്. ദീപ നിശാന്തിനെ ട്രോളിക്കൊണ്ട് 'നന്ദിയുണ്ട് ടീച്ചര്‍' എന്ന നിലയില്‍ രമ്യ കുറിപ്പിട്ടതായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം പൊടി പൊടിച്ചത്. എന്നാല്‍ ആ കുറിപ്പ് തന്‍റെ അക്കൗണ്ടില്‍ നിന്നുള്ളതല്ലെന്നും ഏതോ വ്യാജ അക്കൗണ്ടില്‍ നിന്നാണ് പ്രത്യക്ഷപ്പെട്ടതെന്നും വ്യക്തമാക്കി രമ്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ആരേയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതല്ല തന്റെ ശൈലിയെന്ന് പറഞ്ഞ ആലത്തൂര്‍ എം പി നിര്‍ഭാഗ്യകരമായ കാര്യമാണ് നടന്നതെന്നും വ്യക്തമാക്കി ഫേസ്ബുക്കിലൂടെയാണ് രംഗത്തെത്തിയത്. തന്‍റേതല്ലാത്ത പല പ്രൊഫൈലുകളും പേജുകളും ഫേസ്ബുക്കില്‍ ഉണ്ടെന്ന് വ്യക്തമായതായും രമ്യ പറഞ്ഞു. അവയെല്ലാം  പിന്‍വലിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

രമ്യയുടെ കുറിപ്പ്

സ്നേഹം നിറഞ്ഞ എന്റെ നാട്ടുകാർ അറിയാൻ,
ഈ തെരഞ്ഞെടുപ്പു കാലത്ത് എനിക്ക് ഏറെ സാഹായകമായ ഒരു മാധ്യമമാണ് 
സോഷ്യൽ മിഡിയ.
നാട്ടുകാരുമായുള്ള എന്റെ സനേഹത്തിന്റെ ഇഴയടുപ്പം കുട്ടാൻ ഈ സാമൂഹ്യ മാധ്യമങ്ങൾ ഏറെ സഹായിച്ചിട്ടുണ്ട്. 
തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷവും 
ഇതു നൽകന്ന പിന്തുണ ഏറെവിലപ്പെട്ടതുമാണ്.
ഞാൻ എന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനായി ഒരു അക്കൗണ്ടും ഒരു പേജും ആണ് ഉപയോഗിക്കുന്നത്.
അതിൽ ഒന്ന് ഈ പേജാണ്. 
ആയതിന്റെ ലിങ്കുകൾ ചുവടെ ചേർക്കുന്നു. തെരഞ്ഞെടുപ്പിനു ശേഷം ഇപ്പോൾ അടുത്ത ദിവസങ്ങളിലായി ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത വിഷയങ്ങൾ രേഖപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് 
എന്റേ തല്ലാത്ത, ഞാൻ ഉപയോഗിക്കാത്ത എന്റെ അക്കൗണ്ടിൽ വന്നതായി 
അറിയാൻ കഴിഞ്ഞു.ഇത് തീർത്തും നിർഭാഗ്യകരമായ ഒരു കാര്യമാണ് . 
ആരേയും വ്യക്തിപരമായി ആക്ഷേപിക്കാനല്ല ആലത്തൂരിലെ 
ജനങ്ങൾ ഇത്രേം വലിയൊരു സ്നേഹം നൽകിയതെന്ന പൂർണ്ണ ബോധ്യമെനിക്കുണ്ട് , അതെന്റെ പൊതുപ്രവർത്തനത്തിന്റെ ശൈലിയുമല്ല . 
ഇത്തരത്തിലുള്ള എല്ലാ പ്രൊഫൈലുകളും പേജുകളും ദയവായി അത് ഉപയോഗിക്കുന്നവർ പിൻവലിക്കണം . 
പല ആക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കുമുള്ള മറുപടികൂടിയായിരുന്നു ഈ വിജയം , 
അത് കൊണ്ട് തന്നെ ആരേയും ആക്ഷേപിക്കാനോ പരിഹസിക്കാനോ ഇല്ല , നമ്മുക്ക് ഒന്നിച്ചു മുന്നേറാം , 
ആലത്തൂരിന് വേണ്ടി . ഒരിക്കൽ കൂടി വാക്കുകൾക്ക് അതീതമായ 
നന്ദി അറിയിക്കുന്നു ..

 

click me!