'ഗാന്ധി കുടുംബാംഗമല്ലാത്ത കോൺഗ്രസ് പ്രസിഡന്‍റ് ഉണ്ടായ ചരിത്രമില്ലേ?', രാജിയിൽ ഉറച്ച് രാഹുൽ പറഞ്ഞത്...

By Shibu KumarFirst Published May 25, 2019, 5:44 PM IST
Highlights

1998 വരെ ഗാന്ധി കുടുംബാംഗങ്ങളല്ലാത്ത നിരവധിപ്പേരിരുന്ന കസേരയാണ് കോൺഗ്രസ് പ്രസിഡന്‍റിന്‍റേത്. പക്ഷേ, പാർട്ടിയെ അങ്ങനെ ഒന്നിച്ചു കൊണ്ടുപോകാൻ ശേഷിയുള്ള ആരുണ്ട് ഇന്ന് കോൺഗ്രസിൽ എന്നതാണ് ചോദ്യം. 

തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ  പശ്ചാത്തലത്തില്‍ തോൽവി പരിശോധിക്കാനാണ് ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേര്‍ന്നത്. സംഭവബഹുലമായ പ്രവര്‍ത്തക സമിതി യോഗം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിന്റെ ദില്ലി ബ്യൂറോ ചീഫ് കെ ആര്‍ ഷിബുകുമാര്‍  എഴുതുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ വൻ തോൽവി ചർച്ച ചെയ്യാൻ ചേർന്ന കോൺഗ്രസ് പ്രവർത്തക യോഗത്തിൽ രാജി വയ്ക്കുമെന്ന ഉറച്ച നിലപാടിലായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 'എനിക്ക് മാറി നിന്നേ പറ്റൂ', അമ്മയും സഹോദരിയുമടക്കമുള്ള പ്രവർത്തകസമിതിയോട് രാഹുൽ പറഞ്ഞു. എന്നാൽ രാജി ഒരു കാരണവശാലും പാടില്ലെന്ന നിലപാടിൽ പ്രിയങ്കയും മൻമോഹൻ സിംഗുമടക്കമുള്ള നേതാക്കൾ ഉറച്ചു നിന്നു.

''നമ്മൾ പോരാട്ടം തുടർന്നേ പറ്റൂ. കോൺഗ്രസിന്‍റെ അച്ചടക്കമുള്ള പോരാളിയാണ് ഞാൻ. അങ്ങനെത്തന്നെ തുടരും. നിർ‍ഭയം ഞാൻ പോരാട്ടം തുടരും. പക്ഷേ എനിക്ക് പാർട്ടി പ്രസിഡന്‍റായി തുടരണമെന്നില്ല. ഗാന്ധി കുടുംബത്തിലെ അംഗങ്ങൾ തന്നെ പ്രസിഡന്‍റ് പദത്തിലെത്തണമെന്നില്ല. ഗാന്ധി കുടുംബത്തിൽ നിന്നല്ലാതെ നിരവധിപ്പേർ കോൺഗ്രസ് പ്രസിഡന്‍റുമാരായിട്ടുണ്ടല്ലോ'', എന്നാണ് രാഹുൽ പ്രവർത്തകസമിതിയിൽ പറഞ്ഞത്.

താൻ സ്ഥാനമൊഴി‍ഞ്ഞാൽ ഉടനെ പ്രിയങ്കയെ അധ്യക്ഷയാക്കണമെന്നില്ലെന്ന സൂചനയാണ് ഇതിലൂടെ രാഹുൽ നൽകുന്നത്. 1998-ലാണ് കൊൽക്കത്തയിൽ വച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിൽ സോണിയാഗാന്ധിയെ പാർട്ടി പ്രസിഡന്‍റായി നിയമിക്കുന്നത്. അതിന് മുമ്പ് സീതാറാം കേസരിയായിരുന്നു എഐസിസി പ്രസിഡന്‍റ്. സോണിയക്ക് ശേഷം രാഹുൽ എഐസിസി പ്രസിഡന്‍റായി. ഇതിനെല്ലാം മുൻപ് ജവഹർലാൽ നെഹ്‍റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമടക്കം എഐസിസി പ്രസിഡന്‍റുമാരായിരുന്നെങ്കിലും ഗാന്ധി കുടുംബത്തിന്‍റെ കുത്തകയായിരുന്നില്ല ആ പദവി. പക്ഷേ ഗാന്ധി കുടുംബത്തിന്‍റെ നിയന്ത്രണത്തിലായിരുന്നു പാർട്ടി എന്നത് എല്ലാവർക്കും അറിയാവുന്നതുമാണ്. 

പക്ഷേ ഇപ്പോഴും കോൺഗ്രസ് നേതാക്കൾ പ്രതീക്ഷയിലാണ്. രാഹുൽ രാജി വയ്ക്കില്ലെന്ന പ്രതീക്ഷ. അങ്ങനെ രാഹുൽ പദത്തിൽ നിന്നിറങ്ങുമെന്ന് വാശി പിടിച്ചാൽ ആരാകും അടുത്ത പ്രസിഡന്‍റ്? പ്രിയങ്കാ ഗാന്ധിയോ? അപ്പോഴും കുടുംബാധിപത്യം എന്ന ആരോപണത്തിന്‍റെ വാൾ കോൺഗ്രസിന്‍റെ തലയ്ക്ക് മുകളിൽ തൂങ്ങിക്കിടക്കില്ലേ? അങ്ങനെയല്ലെങ്കിൽ ആരാകും കോൺഗ്രസ് പ്രസിഡന്‍റ്? നിലവിലെ തകർന്ന നിലയിൽ നിന്ന് കോൺഗ്രസിനെ ഒന്നിച്ച് കൊണ്ടുപോകാൻ ആർക്ക് കഴിയും?

വളരെ മുമ്പ് തന്നെ കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. മെയ് 23 ന് വാർത്താ സമ്മേളനം നടത്തിയ രാഹുൽ ഗാന്ധിയുടെ ശരീരഭാഷയിൽത്തന്നെ പദവി വിട്ടിറങ്ങാൻ തയ്യാറാണെന്ന സൂചനകളാണുണ്ടായിരുന്നത്. വാർത്താസമ്മേളനത്തിൽ ഉയർന്ന ആദ്യ ചോദ്യം തന്നെ രാഹുൽ പദവി രാജി വയ്ക്കുമോ എന്നായിരുന്നു. 

അത്തരം സൂചനകളെല്ലാം തള്ളിക്കളയുന്നതിന് പകരം, ഒട്ട് അദ്ഭുതപ്പെടുത്തുന്ന മറുപടിയാണ് രാഹുലിൽ നിന്നുണ്ടായത്. ''അത് ഞാനും ഞങ്ങളുടെ പ്രവർത്തകസമിതിയും ചേർന്ന് എടുക്കേണ്ട തീരുമാനമല്ലേ, അത്തരം ചർച്ചകളൊക്കെ അവിടെയല്ലേ, പ്ലീസ് .. അടുത്ത ചോദ്യം'', രാഹുൽ പറഞ്ഞു. വാർത്താ സമ്മേളനത്തിനെത്തിയ മാധ്യമപ്രവർത്തകർ അപ്പോൾ രാഹുലിന്‍റെ വാർത്താ സമ്മേളനം നടത്തുന്ന പോഡിയത്തിന് തൊട്ടടുത്തേക്ക് ഓഫീസിനകത്ത് നിന്ന് വന്ന ഒരാളെ കണ്ടു. അത് പ്രിയങ്കാ ഗാന്ധിയായിരുന്നു.

വളരെയധികം ആശങ്ക അവരുടെ മുഖത്ത് പ്രകടമായിരുന്നു. ഒരു പക്ഷേ, രാഹുൽ രാജി വയ്ക്കുന്നതടക്കമുള്ള കാര്യങ്ങൾ വാർത്താസമ്മേളനത്തിൽ പറയുമോ എന്ന ഭീതി തന്നെയായിരുന്നു അവരുടെ മുഖത്ത് പ്രകടമായിരുന്നത്. പക്ഷേ, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വളരെ കുറച്ച് വാക്കുകളിൽ മറുപടി പറഞ്ഞ് രാഹുൽ തിരികെ മടങ്ങി. ഒപ്പം പ്രിയങ്കയും.

പോകുന്ന വഴിയ്ക്ക് തന്നെ നല്ല ഭൂരിപക്ഷത്തിന് ജയിപ്പിച്ച കേരളത്തിലെ ജനതയ്ക്ക് രാഹുൽ നന്ദി പറയുകയും ചെയ്തു. തോൽവി എങ്ങനെയെന്ന ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരങ്ങൾ വാർത്താ സമ്മേളനത്തിൽ രാഹുൽ നൽകിയതുമില്ല. 

കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്ന് മുതിർന്ന നേതാക്കൾ പല വട്ടം രാഹുലിനോട് പിന്നീട് അഭ്യർത്ഥിച്ചു. ഇപ്പോൾ രാജി വയ്ക്കുന്നത് നല്ല സന്ദേശം താഴേത്തട്ടിലേക്ക് നൽകില്ലെന്ന് സോണിയാഗാന്ധിയും രാഹുലിനോട് പറഞ്ഞു. കഴിഞ്ഞ തവണ സമാനമായ തോൽവിയുണ്ടായപ്പോൾ സോണിയയും രാഹുലും രാജി സന്നദ്ധത അറിയിച്ചതാണ്. അന്നും പാർട്ടി ഇത് തള്ളിക്കളഞ്ഞു. പരാജയം പഠിക്കാൻ എ കെ ആന്‍റണിയുടെ നേതൃത്വത്തിൽ ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തു. മാസങ്ങൾ കഴിഞ്ഞ പുറത്തു വന്ന ആ റിപ്പോർട്ടിന്‍റെ കണ്ടെത്തലാകട്ടെ, ആ വലിയ തോൽവിയിൽ നേതൃത്വത്തിന് പരാജയത്തിൽ പങ്കില്ല എന്നുമായിരുന്നു. 

click me!