കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രമ്യ ഹരിദാസ്

By Web TeamFirst Published Apr 26, 2019, 3:03 PM IST
Highlights

ആലത്തൂരിനൊപ്പം എന്നുമുണ്ടാകുമെന്ന് വാക്ക് നൽകിയിരുന്നു. ആ വാക്ക് പാലിക്കാനാണ് രാജിയെന്ന് രമ്യ ഹരിദാസ്. 

തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കാനൊരുങ്ങുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറാൻ അനുവദിക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടതായി രമ്യ ഹരിദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോഴെ രാജി സന്നദ്ധത അറിയിച്ചിരുന്നു എന്നാണ് രമ്യ ഹരിദാസ് പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ മുന്നേറ്റം മണ്ഡലത്തിൽ യുഡിഎഫിന് ഉണ്ടാക്കാൻ കഴിയുമെന്നും വിജയിക്കാൻ വേണ്ട ഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പാണെന്നും രമ്യ ഹരിദാസ് പറയുന്നു. പ്രവര്‍ത്തന മേഖല പൂര്‍ണ്ണമായും ആലത്തൂരിൽ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രമ്യ ഹരിദാസ് പറയുന്നു. ആലത്തൂരിനൊപ്പം എന്നുമുണ്ടാകുമെന്ന് വാക്ക് നൽകിയിരുന്നു . ഫലം വരുംമുൻപുള്ള പൊതു പ്രവര്‍ത്തനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടി കൂടിയാണെന്നാണ് രമ്യയുടെ അവകാശവാദം. 

അതേ സമയം ആലത്തൂരിൽ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാൻ പാര്‍ട്ടി നേതൃത്വം രമ്യക്ക് നിര്‍ദ്ദേശം നൽകിയതായും സൂചനയുണ്ട്. മാത്രമല്ല തെരഞ്ഞെടുക്കപ്പെട്ടാൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തിൽ ഉണ്ടായേക്കാവുന്ന അനിശ്ചിതത്വങ്ങളും കോൺഗ്രസ് കണക്കിലെടുക്കുന്നുണ്ടെന്നാണ് സൂചന. യുഡിഎഫ് 10 ഉം എൽഡിഎഫ് ഒമ്പതുമാണ്  കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കക്ഷി നില. രമ്യ ഹരിദാസ് എംപിയായാൽ  മുൻപ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്. 

രാജിക്കാര്യത്തിൽ രണ്ട് ദിവസത്തികം തീരുമാനം ഉണ്ടാകുമെന്നും രമ്യ ഹരിദാസ് പറഞ്ഞു. ആലത്തൂരിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിൽ പൂര്‍ണ്ണ തൃപ്തിയുണ്ടെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു.

 

click me!