'ശബരിമല വിഷയം ഇടത് മുന്നണിക്ക് എതിരായില്ല'; ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് കോടിയേരി

By Web TeamFirst Published Apr 26, 2019, 1:36 PM IST
Highlights

ഇടത് വോട്ടുകൾ ചിതറിപ്പോകുന്ന സാഹചര്യമുണ്ടായിരുന്നു കേരളത്തിൽ. ഇത്തവണ അത് ഉണ്ടായില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇക്കാര്യം ബിജെപിക്ക് തന്നെ ബോധ്യമായിട്ടുണ്ട്. ഇപ്പോഴുള്ള ബിജെപി അവകാശവാദം അണികളെ പിടിച്ച് നിര്‍ത്താനുള്ള അടവാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു

ഇടത് വോട്ടുകൾ ചിതറിപ്പോകാറുണ്ടായിരുന്നു . ഇത്തവണ അത് ഉണ്ടായില്ല. ഭൂരിപക്ഷ സമുദായം ചിലര്‍ ഇടത് അനുകൂല നിലപാട് സ്വീകരിച്ചതും ഇടത് മുന്നണിക്ക് ഗുണം ചെയ്തു. എൻഎസ്എസ് സമദൂര നിലപാട് തന്നെയാണ് സ്വീകരിച്ചതെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു. 

രാഹുൽ ഗാന്ധി വയനാട്ടിൽ മാത്രമെ മത്സരിച്ചിട്ടുള്ളു. വയനാട്ടിൽ മാത്രമെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായുള്ളു എന്നും കോടിയേരി പറഞ്ഞു. അഞ്ച് മണ്ഡലങ്ങളിൽ വോട്ട് കച്ചവടം നടന്നിട്ടുണ്ട്. ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന ആക്ഷേപത്തിൽ ഉറച്ച് നിൽക്കുകയാണ്. അത് മുൻകൂട്ടി തിരിച്ചറിഞ്ഞതിനാൽ വേണ്ട ജാഗ്രതയെടുക്കാൻ ഇടത് മുന്നണിക്ക് കഴിഞ്ഞെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. 

മത ന്യൂനപക്ഷങ്ങൾ ഇടത് മുന്നണിക്കനുകൂലമായാണ് ഏകീകരിച്ചത് .അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മതേതര നിലപാടിനുള്ള സ്വീകാര്യതയാണ് അതെന്നും കോടിയേരി പറഞ്ഞു. 

click me!