സംസ്ഥാന കോൺ​ഗ്രസിൽ മാറ്റം: പുതിയ യുഡിഎഫ് കണ്‍വീനറും ഡിസിസി അധ്യക്ഷന്‍മാരും വരും

By Web TeamFirst Published May 26, 2019, 11:47 AM IST
Highlights

ഒരാൾക്ക് ഒരു പദവി എന്നതാണ് മുല്ലപ്പള്ളിയുടെ ലൈൻ. എംപിമാരായി ജയിച്ചവരെ മാറ്റി പുതിയ വര്‍ക്കിംഗ് പ്രസിഡന്‍റുമാര്‍ വരുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം. 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ മിനുന്ന ജയത്തോടെ സംസ്ഥാന കോൺഗ്രസ്സിലെ പുന:സംഘടനാ ചർച്ചകൾക്കായി കേരളാ നേതാക്കൾ ഈയാഴ്ച ദില്ലിക്ക് തിരിക്കും. തെരഞ്ഞെടുപ്പില്‍ ജയിച്ച എംപിമാരായ വർക്കിംഗ് പ്രസിഡണ്ടുമാരെ മാറ്റുന്ന കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമതീരുമാനം എടുക്കും. എംഎം ഹസ്സനോ കെവി തോമസോ യുഡിഎഫ് കൺവീനറാകാൻ സാധ്യതയുണ്ട്. 

തകർപ്പൻ വിജയത്തിന് പിന്നാലെ പാതിവഴിയിൽ നിർത്തിയ പുന:സംഘടനയിലൂടെ സംഘടനയെ ശക്തിപ്പെടുത്താനാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപള്ളി രാമചന്ദ്രന്‍റെ ശ്രമം. നിർണ്ണായകമായ ആറ് തസ്തികകളിൽ പുതിയ ആളെ കണ്ടെത്തണം. കെ.സുധാകരനും കൊടിക്കുന്നിലും എംപിമാരായതിനാൽ ഇവരെ മാറ്റി പുതിയ വർക്കിംഗ് പ്രസിഡണ്ടുമാരെ നിശ്ചയിക്കണോ എന്നുള്ളതാണ് പ്രധാന വിഷയം. എംഐ ഷാനവാസിൻറെ മരണത്തെ തുടർന്ന് നിലവിൽ ഒരു വർക്കിംഗ് പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞുകിടക്കുന്നുണ്ട്.

ഒരാൾക്ക് ഒരു പദവി എന്നതാണ് മുല്ലപ്പള്ളിയുടെ ലൈൻ. നാളെ യുഡിഎഫ് യോഗവും മറ്റാന്നാൾ കെപിസിസി നേതൃയോഗവും രാഷ്ട്രീയകാര്യ സമിതിയും ഉണ്ട്. പക്ഷെ ദില്ലിയിലെ ചർച്ചകളാകും അന്തിമതീരുമാനമെടുക്കുക. ബെന്നി ബെഹന്നാന്‍ എംപിയായതോടെ പുതിയ കൺവീനറെ കണ്ടെത്തണം. എംഎം ഹസ്സൻറെ പേരാണ് സജീവമായി പരിഗണിക്കുന്നത്. കെപിസിസി സ്ഥാനം ഒഴിഞ്ഞ ഹസ്സന് പ്രധാന സ്ഥാനം നൽകണമെന്നാണ് എ ഗ്രൂപ്പ് നിലപാട്. തെരഞ്ഞെടുപ്പിൽ കിട്ടിയ ന്യൂനപക്ഷവിഭാഗത്തിൻറെ അകമഴിഞ്ഞ സഹായം  ഹസ്സൻറെ സാധ്യത കൂട്ടുന്നു. 

എറണാകുളം ഹൈബിക്ക് വിട്ടുകൊടുത്ത കെവിതോമസിൻറെ പേരും കൺവീനർ സ്ഥാനത്തേക്കുളള പരിഗണനയിലുണ്ട്. മത്സരരംഗത്തു നിന്നും മാറുമ്പോൾ മാന്യമായ പരിഗണന കെവിതോമസിന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയതാണ്. ടിഎൻ പ്രതാപനും വികെ ശ്രീകണ്ഠനും ജയിച്ചതോടെ രണ്ട് പുതിയ ഡിസിസികൾക്കും പ്രസിഡണ്ടുമാരെയും കണ്ടെത്തണം. അതോടൊപ്പം ചില ഡിസിസികളിലും അഴിച്ചുപണി വന്നേക്കാം. ആലപ്പുഴയിൽ തോറ്റ ഷാനിമോൾ ഉസ്മാന് കാര്യമായ പരിഗണന നൽകണമെന്ന് ഗ്രൂപ്പുകൾക്ക് അതീതമായ അഭിപ്രായം ഉണ്ട്. ഒന്നുകിൽ പാർട്ടിയിൽ  സുപ്രധാന സ്ഥാനം, അല്ലെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ അരൂർ സീറ്റ് ഷാനിയെ ആശ്വസിപ്പിക്കാനുള്ള നടപടി ഉറപ്പാണ്.

click me!