കാസര്‍കോട്ടെ കള്ളവോട്ട് ; റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകുമെന്ന് ടിക്കാറാം മീണ

By Web TeamFirst Published Apr 29, 2019, 11:40 AM IST
Highlights

കള്ളവോട്ട് നടന്നെന്ന് തെളിഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ടിക്കാറാം മീണ. 

തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നൽകാൻ നടപടി ആരംഭിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. കോൺഗ്രസ് ഉന്നയിച്ച കള്ളവോട്ട് ആരോപണത്തിൽ കണ്ണൂരിൽ നിന്ന് പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കാസർകോട്ടു നിന്നുള്ള റിപ്പോർട്ടും ഉടൻ പ്രതീക്ഷിക്കുന്നുണ്ടെന്ന് ടിക്കാറാം മീണ പറഞ്ഞു.

കള്ളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. കള്ളവോട്ടു ചെയ്തുവെന്ന വാർത്തകളെ കമ്മീഷൻ ഗൗരവത്തോടെയാണ് കാണുന്നത്. ഈ വിധത്തിൽ വിഷയത്തെ അന്വേഷിച്ച് വസ്തുനിഷ്ഠമായ റിപ്പോർട്ട് നൽകാനാണ് ജില്ലാ കളക്ടർമാരോട് ആവശ്യപ്പെട്ടത്.

അതിനിടെ കാസര്‍കോട് കണ്ണൂര്‍ ജില്ലകളിൽ വ്യാപക കള്ളവോട്ട് നടന്നെന്ന് ദൃശ്യങ്ങൾ സഹിതം ആരോപണം കോൺഗ്രസ് ആവര്‍ത്തിക്കുകയാണ്. കാസര്‍കോട് മണ്ഡലത്തിലെ നൂറ്റിപ്പത്ത് ബൂത്തിൽ റീ പോളിംഗ് ആവശ്യപ്പെട്ട് കോണഗ്രസ് ജില്ലാ കളക്ടര്‍ക്ക് പരാതിയും നൽകിയിട്ടുണ്ട്. 

click me!