എൽജെഡിയിൽ കലാപം: വടകരയിൽ വിമതസ്ഥാനാർഥിയെ ഇറക്കാന്‍ നീക്കം?

By Web TeamFirst Published Mar 10, 2019, 1:16 PM IST
Highlights

ഇതിനിടെ വിമത നീക്കത്തില്‍ മനയത്തിന് ഒപ്പമുണ്ടായിരുന്ന മുന്‍മന്ത്രി കെപി മോഹനന്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍റെ പ്രചാരണത്തിനെത്തി. കൂത്ത്പറമ്പ് നിയമസഭാ സീറ്റ് നല്‍കാമെന്ന വാഗ്ദാനം കിട്ടിയതിനാലാണ് കെപി മോഹനന്‍റെ മനം മാറിയതെന്നാണ് മനയത്തിനെ പിന്തുണക്കുന്നവര്‍ പറയുന്നത്

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് അനുവദിക്കാത്തതിനെ ചൊല്ലി ലോക് താന്ത്രിക് ജനതാദളില്‍ പൊട്ടിത്തെറി. സീറ്റ് വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിനും എല്‍ഡിഎഫിനുമെതിരെ പരസ്യവിമര്‍ശനം നടത്തിയ എല്‍ജെഡി കോഴിക്കോട് ജില്ലാ അധ്യക്ഷനെതിരെ നടപടി വന്നേക്കും. വടകര സീറ്റ് നേടിയെടുക്കാത്തത് നേതൃത്വത്തിന്‍റെ കഴിവുകേടാണെന്ന പ്രസ്താവനയില്‍  വിശദീകരണം തേടാനാണ് തീരുമാനം. അതേ സമയം വടകരയില്‍ പ്രത്യേകം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് മനയത്ത് ചന്ദ്രനും കൂട്ടരുമെന്നാണ് സൂചന. 

വടകര സീറ്റ് നല്‍കാമെന്ന വാഗ്ദാനത്തില്‍ ഇടത് മുന്നണിയിലെത്തിയ പാര്‍ട്ടിക്ക് ആ സീറ്റ് നേടിയെടുക്കാന്‍ കഴിയാതെ പോയതില്‍ നേതൃത്വത്തിനെതിരെ ഒരു വിഭാഗം കടുത്ത അമര്‍ഷത്തിലാണ്. കലാപക്കൊടി ഉയര്‍ത്തി ജില്ലാ അധ്യക്ഷന്‍ മനയത്ത് ചന്ദ്രന്‍ തന്നെ പാര്‍ട്ടി നേതൃത്വനത്തിനെതിരെ ആഞ്ഞടിച്ചു. 

നാളെ ചേരുന്ന സംസ്ഥാന നേതൃയോഗം നിര്‍ണ്ണായമാകാനിരിക്കേ മനയത്തിനോട്  വിശദീകരണം തേടാനാണ് പാര്‍ട്ടിയുടെ തീരുമാനം. മനയത്തിന്‍റെ മത്സരമോഹമാണ് വിവാദത്തിന് പിന്നിലെന്നും,  നീക്കത്തിന് പാര്‍ട്ടിയില്‍ പിന്തുണയില്ലെന്നുമാണ് നേതൃത്വത്തിന്‍റെ പ്രതികരണം. ഇതിനിടെ വിമത നീക്കത്തില്‍ മനയത്തിന് ഒപ്പമുണ്ടായിരുന്ന മുന്‍മന്ത്രി കെപി മോഹനന്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍റെ പ്രചാരണത്തിനെത്തിയത് ചിത്രം വീണ്ടും മാറ്റിമറിച്ചു. 

കെപി മോഹനന്‍, മനയത്ത് ചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ എല്‍ജെഡിയുടെ മുന്നണിമാറ്റത്തില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ലോകസഭാ സീറ്റെന്ന വാഗ്ദാനമായിരുന്നു അന്ന് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയത്. ഇതിനിടെ കൂത്ത്പറമ്പ് നിയമസഭ സീറ്റ് നല്‍കാമെന്ന വാഗ്ദാനം കിട്ടിയതിനാലാണ് കെപി മോഹനന്‍റെ മനം മാറിയതെന്നാണ് മനയത്തിനെ പിന്തുണക്കുന്നവര്‍ പറയുന്നത്.  സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കാതെ പ്രത്യേക യോഗം ചേര്‍ന്ന്  സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് മനയത്ത് ചന്ദ്രനും കൂട്ടരുമെന്ന് സൂചനയുണ്ട്.
 

click me!