'പ്രിയങ്ക വന്നാൽ കൈ കൊടുക്കണം, ചേർത്ത് നിർത്തണം', നിലമ്പൂരുകാരി റോസി മാനുവൽ പറയുന്നു ..

By Web TeamFirst Published Apr 20, 2019, 9:12 AM IST
Highlights

1987-ല്‍ രാജീവ് ഗാന്ധി എത്തിയ കോടതിപ്പടിയിലേക്ക് ഇന്ന് പ്രിയങ്ക എത്തുകയാണ്. രാഹുല്‍ ഗാന്ധിക്ക് വോട്ടുചോദിച്ച്.. 

നിലമ്പൂർ: ഇന്ന് നിലമ്പൂരിലെത്തുന്ന പ്രിയങ്കാ ഗാന്ധിയെ തൊട്ടടുത്ത് കാണാനുള്ള കാത്തിരിപ്പിലാണ് ചുങ്കത്തറ സ്വദേശി റോസി മാനുവല്‍. പറ്റിയാല്‍ ഒപ്പം ചേര്‍ത്തു നിര്‍ത്തണമെന്നും ആഗ്രഹമുണ്ട്. എന്താണ് റോസിയ്ക്ക് പ്രിയങ്കാ ഗാന്ധിയോട് ഇത്ര സ്നേഹം? അതിന് 32 വർഷം പിന്നോട്ട് പോകണം.

1987. നിലമ്പൂർ കോടതിപ്പടിയിലെ വേദിയിലേക്ക് രാജീവ് ഗാന്ധി എത്തി. മുപ്പത്തിയഞ്ചുകാരിയായ റോസി ഉള്‍പ്പെടെ ആയിരങ്ങളാണ് അന്ന് കാത്തുനിന്നത്. ആദ്യമായി രാജീവ് ഗാന്ധിയെ കണ്ട അനുഭവം റോസി തന്നെ പറയുന്നു. ''രാജീവ് ഗാന്ധി വന്നു. വേദി ഉയർത്തിക്കെട്ടിയിരിക്കുവാണ്. അതിന് മുമ്പ് പടിക്കെട്ടുകളുണ്ട്. അതിലൂടെ രാജീവ് ഗാന്ധി ഓടിക്കയറുമ്പോൾ, രാജീവ് ജീ.. എന്ന് ഞാനുറക്കെ വിളിച്ചു. അങ്ങേര് ഓടിക്കയറുന്നതിനിടെ എനിക്ക് കൈ തന്നു. അതിന്‍റെ സന്തോഷം ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുവാണ്. അന്നത്തെ രാജീവ് ഗാന്ധിയുടെ ചിരി. എത്ര സൗന്ദര്യമുള്ളയാളാണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല.''.

രാജീവിനെപ്പോലെ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും റോസി സ്നേഹിച്ചു. ബുധനാഴ്ച വണ്ടൂരിലെത്തിയ രാഹുലിനെ കാണാൻ റോസി പോയിരുന്നു. അന്ന് പക്ഷേ തിരക്ക് കാരണം രാഹുലിനെ അടുത്ത് കാണാനായില്ല. 1987-ല്‍ രാജീവ് ഗാന്ധി എത്തിയ കോടതിപ്പടിയിലേക്ക് ഇന്ന് പ്രിയങ്ക എത്തുകയാണ്. രാഹുല്‍ ഗാന്ധിക്ക് വോട്ടുചോദിച്ച്.. 

''പ്രിയങ്കയെ ഒന്ന് അടുത്ത് കാണണമെന്നുണ്ട്. മോളെപ്പോലെ കെട്ടിപ്പിടിക്കണമെന്നുമുണ്ട്.'' റോസി പറയുന്നു. ഈ വാര്‍ത്ത കാണുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആരെങ്കിലും തന്നെ സഹായിക്കണമെന്നാണ് അറുപത്തിയേഴുകാരിയായ റോസിയുടെ അഭ്യര്‍ത്ഥന.

click me!